തോടിന്റെ ബണ്ട് നവീകരണം നടന്നില്ല; തലയൽ ഏലായിൽ വൻ കൃഷിനാശം
1544227
Monday, April 21, 2025 6:40 AM IST
കാട്ടാക്കട: വേനൽമഴയിലും കാറ്റിലും തലയൽ ഏലായിൽ വ്യാപക കൃഷിനാശം. വിവിധ കർഷകരുടെ ആയിരത്തോളം വാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണത്. ഏത്തവാഴകളാണ് ഒടിഞ്ഞുവീണതിൽ കൂടുതലും.
ജില്ലയിലെ പ്രധാനപ്പെട്ട കൃഷിയിടമാണ് തലയൽ ഏല. ഹെക്ടർ കണക്കിനു പ്രദേശത്താണ് വാഴയും മരച്ചീനിയും പച്ചക്കറികളുമുൾപ്പെടെ കൃഷിചെയ്തുവരുന്നത്. മാർക്കറ്റിൽ വില കൂടുതലായി ലഭിക്കുന്നതു കാരണമാണ് ഇവിടെ ഏത്തവാഴക്കൃഷി കൂടുതലായി കർഷകർ ചെയ്യുന്നത്. എന്നാൽ കാറ്റിലും മഴയിലും വാഴകൾ ഒടിഞ്ഞുവീഴുന്നത് ഇവർക്ക് കനത്ത നഷ്ടമാണുണ്ടാക്കുന്നത്.
തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്തിപ്പോലും തലയൽ തോടിന്റെ നവീകരണം നടത്താൻ അധികൃതർ തയാറാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. തോടുമുഴുവൻ കാടുകയറി ഒഴുക്കുനിലച്ചതിനാൽ ഏലാപ്രദേശത്തേക്കു വെള്ളം എത്തുന്നില്ല. ഒഴുക്കു തടസപ്പെട്ട ചിലയിടങ്ങളിൽ വെള്ളം ഏലായിലേക്കു മറിയുന്നതിനും കാരണമാകുന്നുണ്ട്.
കഴിഞ്ഞ പ്രളയകാലത്ത് തകർന്ന തോടിന്റെ ബണ്ട് നവീകരണവും ഇതുവരെ നടന്നിട്ടില്ല. ജലസേചനവകുപ്പിനാണ് നിർമാണച്ചുമതലയെങ്കിലും പണി വിവിധ കാരണങ്ങൾ പറഞ്ഞ് മുടക്കുന്നതു ശക്തമായ മഴക്കാലമായാൽ പച്ചക്കറിയുൾപ്പെടെയുള്ള വെള്ളംകയറി നശിക്കുന്ന അവസ്ഥയുണ്ടാക്കുമെന്നാണ് കർഷകരുടെ പരാതി.