മുട്ടടയില്‍ പൊട്ടിയ പിവിസി പൈപ്പിന്റെ അറ്റകുറ്റപ്പണി തീർന്നു
1543955
Sunday, April 20, 2025 6:10 AM IST
പേരൂര്‍ക്കട: റോഡ് റീടാറിംഗിനിടെ മുട്ടടയില്‍ പൊട്ടിയത് പിവിസി പൈപ്പാണെന്നു വാട്ടര്‍ അഥോറിറ്റി സ്ഥിരീകരിച്ചു.ഗവ. ടെക്നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിനു സമീപമാണ് 200 എംഎം പിവിസി ലൈന്‍ ദിവസങ്ങള്‍ക്കുമുമ്പ് പൊട്ടിയത്. മൂന്നുകോടി രൂപയുടെ ഫണ്ട് വിനിയോഗിച്ച് അമ്പലമുക്ക്-പരുത്തിപ്പാറ റോഡ് റീടാര്‍ ചെയ്യുന്നതിനിടെയുണ്ടായ മര്‍ദമാണ് പൈപ്പ് പൊട്ടാന്‍ കാരണമായതെന്ന് വാട്ടര്‍ അഥോറിറ്റി കവടിയാര്‍ സെക്ഷന്‍ അധികൃതര്‍ വ്യക്തമാക്കി. മുമ്പ് ഇവിടെ മൂന്നുതവണ 400 എംഎം പ്രിമോ പൈപ്പ് പൊട്ടിയിരുന്നു.
പിവിസി ലൈന്‍ പൊട്ടിയെങ്കിലും വിശേഷദിവസങ്ങള്‍ പ്രമാണിച്ചാണ് അറ്റകുറ്റപ്പണി ആരംഭിക്കാതിരുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ ജെസിബി ഉപയോഗിച്ച് റോഡ് കുഴിച്ചാണ് പണി ആരംഭിച്ചത്. പഴയ പൈപ്പ് മാറ്റിയശേഷം പുതിയ പിവിസി ലൈന്‍ വിളക്കിച്ചേര്‍ക്കുകയായിരുന്നു.
പൈപ്പ് പൊട്ടിയതോടെ ടാര്‍ചെയ്ത റോഡിന്റെ 50 മീറ്ററോളം ഭാഗം പൂർണമായും തകര്‍ന്നുവെങ്കിലും ഒരു ലെയര്‍കൂടി ടാര്‍ ചെയ്യുമെന്നതിനാല്‍ ഇതു വാഹന ഗതാഗതത്തെ ബാധിക്കുകയില്ല. പേരൂര്‍ക്കടയില്‍നിന്ന് ഉളളൂര്‍ മെഡിക്കല്‍കോളജ് ഭാഗത്തേക്ക് ജലമെത്തിക്കുന്ന പിവിസി പൈപ്പിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് ശനിയാഴ്ച വൈകുന്നേരം നാലുമണിയോടുകൂടിയാണ് പമ്പിംഗ് പുനരാരംഭിച്ചത്.