ആര്‍സിസിയിലെ രോഗികളോട് അവഗണനയെന്നു പരാതി
1543954
Sunday, April 20, 2025 6:10 AM IST
മെഡിക്കല്‍കോളജ്: തിരുവനന്തപുരം ആര്‍സിസിയില്‍ ശസ്ത്രക്രിയയ്ക്കായി എത്തുന്ന പാവപ്പെട്ട രോഗികളോട് അവഗണനയെന്നു വ്യാപക പരാതി. ജൂണിയര്‍ ഡോക്ടര്‍മാര്‍ ഇവരെ ഒപിയില്‍ നേരില്‍ക്കാണുകയോ പരിശോധിക്കുകയോ ചെയ്യുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.
ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് കാലതാമസമുണ്ടെന്നും അതു വൈകിപ്പിച്ചാല്‍ രോഗം മൂര്‍ച്ഛിക്കുമെന്നും ഭയപ്പെടുത്തിയശേഷം സ്വകാര്യ ആശുപത്രിയിലേക്ക് പറഞ്ഞയയ്ക്കുന്നും പരാതി ഉയരുന്നുണ്ട്. സര്‍ജിക്കല്‍ വിഭാഗത്തിലെ ഒരു ഡോക്ടറാണ് ഇപ്രകാരം ചെയ്യുന്നതെന്നു രോഗികളും കൂട്ടിരിപ്പുകാരും പറയുന്നു.
അതേസമയം ഇദ്ദേഹത്തിന്റെ ക്ലിനിക്കില്‍നിന്നും റഫര്‍ ചെയ്ത് ആര്സിസിലെത്തുന്ന രോഗികളെ നേരിട്ടു പരിശോധിച്ചു ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയും ചെയ്യുന്നുണ്ട്. ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് നിരോധിച്ചിട്ടുള്ള ആശുപത്രിയാണ് ആര്‍സിസി.
എന്നാല്‍ ആര്‍സിസിയില്‍ എല്ലാ സ്ഥലങ്ങളിലും സിസിടിവി കാമറയുണ്ടായിരുന്നിട്ടും ഒട്ടുമിക്ക ദിവസങ്ങളിലും പ്രവര്‍ത്തി സമയങ്ങളില്‍ ചില ഡോക്ടര്‍മാര്‍ നിയമവിരുദ്ധമായി പുറത്തുപോകുന്നുണ്ട്. ഇത് അധികൃതര്‍ പരിശോധിച്ച് നടപടികള്‍ സ്വീകരിക്കുന്നുമില്ല. ഉന്നതങ്ങളിലെ സ്വാധീനമുള്ള ചിലരാണ് ഇപ്രകാരം ചെയ്യുന്നതെന്നാണ് പരാതിയുള്ളത്. നിരവധി രോഗികള്‍ മാനേജ്മെന്റിന് ഈ വിഷയത്തെപ്പറ്റി പരാതി നല്‍കിയിട്ടും യാതൊരു നടപടിയും ആര്‍സിസി അധികൃതര്‍ സ്വീകരിച്ചിട്ടില്ല.
വിഷയം സംബന്ധിച്ച് ആരോഗ്യവകുപ്പ് അടിയന്തരമായി അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം.