എംഡിഎംഎ കേസ്; കുറ്റപത്രം സമര്‍പ്പിച്ചു
1544221
Monday, April 21, 2025 6:40 AM IST
പൂന്തുറ: യുവാവിന്റെ കൈയില്‍ നിന്നും എംഡിഎംഎ പിടികൂടിയ കേസില്‍ പൂന്തുറ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം ജില്ലാ സെക്ഷന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വളളക്കടവ് ചിലാന്തിമുക്ക് സ്വദേശി സദക്കത്തലിക്ക് (27) എതിരേയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2024 നവംബര്‍ 18നാണ് പൂന്തുറ എസ്ഐ സുനിലും സംഘവും അമ്പലത്തറ ഷൂട്ടിംഗ് മുടുക്കില്‍ നിന്നും ഇയാളെ ലഹരി മരുന്നുമായി പിടികൂടിയത്.
സിബ് ലോക്ക് കവറുകളില്‍ സൂക്ഷിച്ചിരുന്ന നാലു ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. ഒരു കവറിന് 3000 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുകയെന്നു പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.
ഇത്തരത്തില്‍ വില്‍പ്പന നടത്തിയ ഇനത്തില്‍ ലഭിച്ച 5000 രൂപയും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തതായും പറയുന്നു. 2025 ജനുവരി 18 ന് നടന്ന പൊഴിയൂര്‍ ലഹരിക്കടത്ത് കേസില്‍ നിലവില്‍ സദക്കത്തലിയെ റിമാന്‍ഡ് തടവുകാരനായി ജില്ലാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.