അശരണർക്കു കൈത്താങ്ങാകാൻ ഒരുങ്ങി വാർഡംഗം താര
1544212
Monday, April 21, 2025 6:29 AM IST
പാറശാല: സാമ്പത്തികമായും മാനസീകമായും ശാരീരികമായും അവശത ബാധിച്ചവരെ മുന്‍നിരയില്‍ എത്തിക്കാന്‍ പാടിയും കവിത പറഞ്ഞും അനൗണ്‍സ്മെന്റ് ചെയ്തും യൂട്യൂബ് ചാനലുകളില്‍ അവതാരികയായും നാടകം, ബാലെ തുടങ്ങിയവയില്‍ സ്കീബ്റ്റ് എഴുതിയും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാനൊരുങ്ങി പാറശാല പഞ്ചായത്തിലെ കീഴേതോട്ടം വാര്‍ഡ് മെമ്പര്‍ താര.
വാര്‍ഡ് മെമ്പറുടെ അധികാര പരിധികള്‍ പരിമിതമായതിനാല്‍ അസുഖബാധിതരായുള്ളവര്ക്ക് ഏറെയൊന്നും സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ കഴിയാത്തതിനാല്‍ സ്വന്തം കഴിവുകളെ ഉപയോഗിച്ച് ദുരിതബാധിതരെ സഹായിക്കാന്‍ ഒരുങ്ങുകയാണ് ഈ വാര്‍ഡ് മെമ്പര്‍. 2010ല്‍ പൊതുരംഗത്ത് സജീവമായ ഇവര്‍ കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാട്ടുകാരുടെ വലിയ പിന്തുണയോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
2003ല്‍ എംഎ ബിരുദധാരിയായി മാറിയ താര 2005 വിവാഹിതയാകുകയും ചെയ്തു. കലാകാരനായ രാജേഷ് കുമാറാണ് ഭര്‍ത്താവ്. നാട്ടില്‍ സാമ്പത്തിക ബാധ്യതകള്‍ ഏറിയതിനാല്‍ അഞ്ചുമാസങ്ങള്‍ക്ക് മുമ്പു മസ്കറ്റില്‍ ഹോട്ടല്‍ ജോലിക്കായി പോയെങ്കിലും രണ്ടുമാസത്തിനു മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. ഇവര്‍ക്ക് നഴ്സിംഗിനും ഒമ്പതാം ക്ലാസില്‍ പഠിക്കുന്നതുമായ രണ്ടു പെണ്‍കുട്ടികള്‍ ഉണ്ട്.
സ്വന്തമായി വസ്തുവകകളോ വീടോ സ്വന്തമായി ഇല്ലാത്ത ഇവര്‍ വാടക കെട്ടിടത്തിലാണ് താമസിച്ചു വരുന്നത്. വിവിധ സംഘടനകളുടെ നേതൃത്വം വഹിക്കുന്ന താര ഇതിനോടകം തന്നെ സ്വന്തം പഞ്ചായത്തിലും ജില്ലക്കപ്പുറത്തുള്ള ഒട്ടനവധി നിര്‍ധന രോഗികളെ സഹായിച്ചും അവരുടെ ചികിത്സ ചെലവ് വഹിച്ചു ചെലവഴിച്ചത് വിലമതിക്കാന്‍ കഴിയാത്ത സേവനങ്ങളാണ്. ബാല്യകാലം മുതല്‍ കലാരംഗത്ത് അഭിരുചിയുള്ള താര പൊതുപ്രവര്‍ത്തനരംഗത്ത് ഇറങ്ങിയതിനു ശേഷവും ആ കഴിവുകളെ തുടര്‍ന്നുകൊണ്ടുപോകാന്‍ ഒട്ടും തന്നെ പിന്നോട്ടല്ല.
ഗ്രാമീണ മേഖലകളിലെ സ്ത്രീകളെ തൊഴില്‍ പരിശീലകരാക്കാനുള്ള വിവിധ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കാനും നിരവധി സംഘടനകളുമായി സഹകരിച്ചു പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനും താര രംഗത്തിറങ്ങുകയാണ്.
വാര്‍ഡിലെ വിവിധ കുടുംബങ്ങളില്‍ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും ലഹരിവിരുദ്ധ സെമിനാറുകള്‍ നടത്തി യുവാക്കളെയും വിദ്യാര്‍ഥികളെയും ബോധവത്കരിക്കാനും നാളുകളായി കഠിന പ്രയത്നത്തിലാണ്.