അനിശ്ചിതത്വത്തിന് വിരാമം : വിഴിഞ്ഞം അന്താരാഷ്ട്രതുറമുഖം മേയ് രണ്ടിനു സമർപ്പിക്കും
1543952
Sunday, April 20, 2025 6:02 AM IST
എസ്. രാജേന്ദ്രകുമാർ
വിഴിഞ്ഞം: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനു വിരാമം, കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മേയ് രണ്ടിനു രാജ്യത്തിന് സമർപ്പിക്കും. മേയ് രണ്ടിനു രാവിലെ 11നു തുറമുഖത്തു നടക്കുന്നചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിസമർപ്പണ പ്രഖ്യാപനം നടത്തും. ഇതോടെ ദക്ഷിണേഷ്യയിലെ ആദ്യ സെമി ഓട്ടോമേറ്റഡ് തുറമുഖമായ വിഴിഞ്ഞം ഇന്ത്യയുടെ വാണിജ്യ കവാടമായി മാറുമെന്ന വിശ്വാസത്തിലാണ് അധികൃതർ.
2024 ജൂലൈ 13 മുതൽ ട്രയൽ റണ്ണും ഡിസംബർ മൂന്നു മുതൽ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനവും തുടങ്ങിയെങ്കിലും കമ്മീഷനിംഗ് അനന്തമായി നീളുകയായിരുന്നു. അധികൃതരുടെ പ്രതീക്ഷകൾ മറികടന്നു കപ്പൽ വരവിലും കണ്ടെയ്നർ കയറ്റിറക്കിലും വൻ വർധനവുണ്ടായി. സർക്കാരിന്റെ ഖജനാവിൽ ജിഎസ്ടി ഇനത്തിൽ മാത്രം കോടികൾ വന്നെങ്കിലും കമ്മീഷനിംഗ് പ്രഖ്യാപത്തിന് ആരുമുണ്ടായില്ല.
കേരളവും കേന്ദ്രവും തമ്മിലുള്ള അഭിപ്രായവ്യത്യാസമാണ് പ്രഖ്യാപനം നീണ്ടു പോകാൻ കാരണമെന്ന ആരോപണവും ഇതിനകം ഉയർന്നിരുന്നു.
ചുരുങ്ങിയ കാലയളവിനുള്ളിൽ എത്തിച്ചേർന്ന 263 കൂറ്റൻ കപ്പലുകളിൽ നിന്നായി 5.36 ലക്ഷം ടിഇയു കണ്ടെയ്നറുകൾ കൈകാര്യം ചെയ്ത് ലോകത്തെ വിസ്മയിപ്പിച്ചു മുന്നേറുകയാണു വിഴിഞ്ഞം. കഴിഞ്ഞ മൂന്നു മാസങ്ങളിൽ ഇന്ത്യയിലെ ദക്ഷിണ, പശ്ചിമ തീരത്തെ തുറമുഖങ്ങളിലെ ചരക്കു നീക്കത്തിൽ ഒന്നാം സ്ഥാനം നേടിയാണ് വിഴിഞ്ഞത്തിന്റെ ജൈത്രയാത്ര. പ്രതിമാസം ഒരു ലക്ഷം ടിഇയു കൈകാര്യം ചെയ്യുക എന്ന നേട്ടവും വിഴിഞ്ഞം സ്വന്തമാക്കി.
ഇന്ത്യയിൽ ഇതുവരെ എത്തിയ കപ്പലുകളിൽ ഏറ്റവും വലുതെന്നു പറയാവുന്ന എംഎസ്സി - തുർക്കി ഉൾപ്പെടെയുള്ളവ സുഗമമായി ബെർത്ത് ചെയ്തും വിഴിഞ്ഞത്തിന്റെ കഴിവ് ലോകത്തെ ബോധ്യപ്പെടുത്തി. യൂറോപ്പിലേക്കുള്ള എംഎസ്സിയുടെ പ്രതിവാര സർവീസ് ആയ ജേഡ് സർവീസും വിഴിഞ്ഞത്തുനിന്ന് ആരംഭിച്ചതും യശസ് കൂടാൻ വഴിതെളിച്ചു.
റോഡ്, റെയിൽ കണക്റ്റിവിറ്റി പ്രാവർത്തികമാക്കി ചരക്ക് ഗതാഗതം സുഗമമാകുമ്പോൾ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം കേരളത്തിനു മുൻപിൽ വലിയ വികസന സാധ്യതകൾ തുറന്നിടുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. എന്നാൽ ഇവ പൂർത്തിയാക്കി കരമാർഗമുള്ള വികസനം ജനത്തിന് അനുഭവിച്ചറിയണമെങ്കിൽ ഇനിയും വർഷങ്ങൾ വേണ്ടി വരും. 2001 ഡിസംബർ അഞ്ചിനാണ് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനു തുടക്കം കുറിച്ചത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ളവരെ സാക്ഷിയാക്കി മൂവായിരം ദിവസത്തിനുള്ളിൽ തുറമുഖത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാക്കി ആദ്യ കപ്പലടുപ്പിക്കുമെന്ന പ്രഖ്യാപനം ഗൗതം അദാനി നടത്തി.
എന്നാൽ പിന്നീടുണ്ടായ ഓഖിയെന്ന പ്രകൃതി ദുരന്തവും മത്സ്യത്തൊഴിലാളികളുടെ അതിജീവന സമരവും നിർമാണ ത്തെ പിന്നോട്ടടിച്ചെങ്കിലും പാറ ഉൾപ്പെടെയുള്ളവയുടെ കാര്യത്തിൽ സർക്കാരിന്റെ മെല്ലെപ്പോക്കും വലിയ തിരിച്ചടിയായി. അഞ്ചു വർഷം കൊണ്ട് അദാനി പൂർത്തിയാക്കിയ കൊളംബോ പോർട്ട് ടെർമിനൽ ഒരാഴ്ച മുൻപ് ശ്രീലങ്കൻ സർക്കാർ കമ്മീഷൻ ചെയ്തെങ്കിലും ഒൻപത് വർഷമായി നിർമാണം തുടരുന്ന അദാനിയുടെ തന്നെ വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ തീരുമാനമുണ്ടായിരുന്നില്ല.
ഒടുവിൽ രണ്ടു ദിവസം മുൻപ് പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്നുള്ള അറിയിപ്പ് സർക്കാരിന് ലഭിച്ച തോടെയാണ് അനിശ്ചിതത്വം നീങ്ങിയത്.