ഫണ്ടുമില്ല പണിയുമില്ല; ഭഗത്സിംഗ് നഗര്‍ റോഡ് പൂർണമായും തകര്‍ന്നു
1544228
Monday, April 21, 2025 6:40 AM IST
പേരൂര്‍ക്കട: പാതിരിപ്പള്ളി വാര്‍ഡില്‍ ഉള്‍പ്പെടുന്ന ഭഗത്സിംഗ് നഗര്‍ ഒന്നാം ലെയിന്‍ റോഡ് പൂര്‍ണ്ണമായും തകര്‍ന്ന നിലയില്‍. മഠത്തുനട-മുക്കോലയ്ക്കല്‍ റോഡിനെ എംസി റോഡുമായി ബന്ധിപ്പിക്കുന്നതാണ് പ്രസ്തുത റോഡ്. കൃഷ്ണന്‍കുട്ടി നായര്‍ വാര്‍ഡ് കൗണ്‍സിലര്‍ ആയിരുന്ന 2015-16 കാലഘട്ടത്തിലാണ് റോഡ് ഏറ്റവുമൊടുവില്‍ ടാര്‍ ചെയ്തത്. എന്നാല്‍ പുതിയ ഭരണസമിതി അധികാരമേറ്റശേഷം റോഡിന്റെ അറ്റകുറ്റപ്പണിയൊന്നും നടന്നിട്ടില്ല.
500 മീറ്റര്‍ വരുന്ന പ്രസ്തുത റോഡ് അവിടവിടെയായി തകര്‍ന്നുകിടക്കുകയാണ്. നിരവധി വാഹനയാത്രികരാണു ടാര്‍ ഇളകി കുഴിയായി കിടക്കുന്ന റോഡില്‍ വീണിട്ടുള്ളത്. എംസി റോഡിലേക്കു പോകുന്ന നിരവധി പേരാണ് റോഡിനെ ആശ്രയിക്കുന്നത്. മഴ പെയ്ത് മെറ്റലുകള്‍ ഒലിച്ചുപോയതോടെയാണ് റോഡിന്റെ തകര്‍ച്ച ദയനീയമായത്. മിക്ക സ്ഥലത്തും മെറ്റലുകള്‍ ഇളകിക്കിടക്കുന്നത് വഴിയാത്രക്കാരെയും വലയ്ക്കുന്നുണ്ട്.
നഗരസഭാ ഭരണം അവസാനിക്കാന്‍ ഇനി മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. അതേസമയം റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഫണ്ട് അനുവദിച്ചിട്ടുണ്ടെന്ന സ്ഥിരം പല്ലവിയാണ് വാര്‍ഡ് കൗണ്‍സിലര്‍ പറയുന്നതെന്നാണ് പ്രദേശവാസികളുടെ ആരോപണം. വരുന്ന മഴക്കാലത്തു മുമ്പെങ്കിലും റോഡ് ടാര്‍ ചെയ്തിരുന്നുവെങ്കില്‍ സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നുവെന്ന ആഗ്രഹമാണ് നാട്ടുകാര്‍ക്കുള്ളത്.