നെയ്യാറ്റിന്‍കര വാസുദേവന്‍ ജന്മനാട്ടില് സ്മൃതിമണ്ഡപം
1544219
Monday, April 21, 2025 6:29 AM IST
ശിലാസ്ഥാപനം അടുത്തമാസം
നെയ്യാറ്റിന്‍കര: സംഗീതത്തെ ആരാധിക്കുകയും ആസ്വദിക്കുകയും അസംഖ്യം ഹൃദയങ്ങളിലേയ്ക്ക് ശുദ്ധസംഗീതം ആസ്വാദ്യകരമായി പകരുകയും ചെയ്ത നെയ്യാറ്റിന്‍കര വാസുദേവന്‍ എന്ന വിശ്വസംഗീതജ്ഞന്‍ ജന്മനാട്ടില് സ്മൃതിമണ്ഡപം ഒരുങ്ങുന്നു. അത്താഴമംഗലത്തെ അദ്ദേഹത്തിന്റെ വീടിനു സമീപത്തായി നിര്‍മിക്കാനുദ്ദേശിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം അടുത്ത മാസം തന്നെ നടത്താനാണ് ആലോചിക്കുന്നതെന്നു വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കെ.കെ ഷിബു "ദീപിക' യോട് പറഞ്ഞു.
സാന്പത്തികമായി പിന്നാക്കം നില്ക്കുന്ന കുടുംബത്തിലാണ് ജനിച്ചതെങ്കിലും കര്‍ണ്ണാടക സംഗീതത്തില്‍ അഗാധമായ അറിവും ആഴമേറിയ ജ്ഞാനവും നെയ്യാറ്റിന്‍കര വാസുദേവന്റെ അതിവിശിഷ്ടമായ സന്പാദ്യങ്ങളായി.
തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജില്‍ നിന്നും സംഗീതവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം ശെമ്മാങ്കുടി ശ്രീനിവാസ അയ്യരുടെയും രാമനാഥ് കൃഷ്ണന്റെയും ശിഷ്യനായിരുന്നു. തൃപ്പൂണിത്തുറ ആർഎൽവി കോളജ് ഓഫ് മ്യൂസിക്കിൽ ഒരു പതിറ്റാണ്ടോളം അധ്യാപകനായി സേവനം അനുഷ്ഠിച്ചു.
1974 -ൽ ഓൾ ഇന്ത്യ റേഡിയോയിൽ എ-ഗ്രേഡ് സ്റ്റാഫ് ഗായകനായി ചേർന്നു. 2000 -ല്‍ വിരമിച്ചു. സംഗീതലോകത്തിനു നല്കിയ സംഭാവനകളെ പരിഗണിച്ച് രാഷ്ട്രം 2004-ല്‍ അദ്ദേഹത്തിന് പത്മശ്രീ ബഹുമതിയും 2006 -ല്‍ സംസ്ഥാന സര്‍ക്കാര്‍ സ്വാതി സംഗീത പുരസ്കാരവും നല്കി ആദരിച്ചു.
സംഗീതപ്രേമികള്‍ അദ്ദേഹത്തിന്റെ കച്ചേരികള്‍ക്കായി കാത്തിരുന്നു. ആലാപനത്തിന്റെ വൈഭവം അദ്ദേഹത്തിനു കൂടുതല്‍ ആരാധകരെ സമ്മാനിച്ചു. ഒട്ടേറെ പ്രതിഭകള്‍ അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളുടെ പട്ടികയിലുണ്ട്. സ്വാതി തിരുനാള്‍ മുതലായ ചില സിനിമകളില്‍ അദ്ദേഹം പിന്നണി ഗായകനുമായി.
പാരന്പര്യത്തെയും പുതുമയെയും യഥാവിധി ആകര്‍ഷകമായി സംയോജിപ്പിച്ച മഹാസംഗീതജ്ഞന് 2008 മേയ് 13 നാണ് ഭൗതികലോകം വെടിഞ്ഞത്. എന്നാല്‍ നാളിതുവരേയും അദ്ദേഹത്തിന്റെ ജന്മനാട്ടില് ഉചിതമായ സ്മാരകം എന്നത് വാഗ്ദാനമായി അവശേഷിച്ചിരുന്നു.
നഗരസഭയുടെ ലൈബ്രറിക്ക് അദ്ദേഹത്തിന്റെ പേരു നല്‍കിയിട്ടുണ്ടെങ്കിലും പുതുതലമുറയ്ക്ക് നെയ്യാറ്റിന്‍കര വാസുദേവനെക്കുറിച്ച് വ്യക്തമായി മനസിലാക്കാന്‍ ഉതകുംവിധം സ്മാരകം എന്നതായിരുന്നു നാട്ടുകാരുടെയും സംഗീതപ്രേമികളുടെയുമൊക്കെ ആവശ്യം.
കെ. ആന്‍സലന്‍ എംഎല്‍എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും പത്തു ലക്ഷം രൂപ ഇപ്പോള്‍ സ്മൃതിമണ്ഡപ നിര്‍മാണത്തിനായി അനുവദിച്ചിട്ടുണ്ടെന്നും ആദ്യഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ തുക വിനിയോഗിക്കുമെന്നും നാട്ടുകാരുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ നിരന്തരം പരിശ്രമിച്ച കൗണ്‍സിലര്‍ കൂടിയായ കെ.കെ. ഷിബു അറിയിച്ചു.