ബാങ്കിന്റെ ജപ്തിനോട്ടീസ്; ആത്മഹത്യക്ക് ശ്രമിച്ച വയോധികന് അപകടനില തരണം ചെയ്തു
1544214
Monday, April 21, 2025 6:29 AM IST
പേരൂര്‍ക്കട: ജപ്തിനോട്ടീസ് പതിക്കാന്‍ ബാങ്ക് ജീവനക്കാര്‍ എത്തിയതറിഞ്ഞ് ആത്മഹത്യക്കു ശ്രമിച്ച വയോധികന് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.
വഞ്ചിയൂര്‍ സ്റ്റേഷന് പരിധിയില്‍ തേങ്ങാപ്പുര ലെയിനില്‍ താമസിക്കുന്ന 72 വയസുള്ള രാധാകൃഷ്ണന് നായരാണു മാനസിക വിഷമത്തെ തുടര്‍ന്നു കഴിഞ്ഞദിവസം വൈകുന്നേരം ആറോടെ മണ്ണെണ്ണ തലയിലൊഴിച്ച് തീകൊളുത്തി ആത്മഹത്യക്കു ശ്രമിച്ചത്.
ഇദ്ദേഹത്തെ പോലീസെത്തി ഉടന്‍തന്നെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 50 ശതമാനം പൊള്ളലേറ്റ രാധാകൃഷ്ണന് നായര്‍ ബേണ്‍ ഐസിയുവില്‍ ചികിത്സയിലുണ്ട്.
ഇദ്ദേഹം അപകടനില തരണം ചെയ്തതായി വിവരം ലഭിച്ചിട്ടുണ്ടെന്നു വഞ്ചിയൂര്‍ സിഐയും അറിയിച്ചു. തേങ്ങാപ്പുര ലെയിനിലെ ഇരുനില വീട്ടില്‍ രാധാകൃഷ്ണന് നായരും ഇദ്ദേഹത്തിന്റെ സഹോദരിയും താമസിച്ചു വരികയായിരുന്നു. നിലവില്‍ സഹോദരി നെയ്യാറ്റിന്‍കരയിലെ വീട്ടിലാണ് താമസം. 40 ലക്ഷത്തോളം രൂപ ബാധ്യത വരുത്തിയതിനെത്തുടര്‍ന്നാണ് ബാങ്ക് അധികൃതര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായതെന്നാണു വിവരം.