ഷവര്‍മ കഴിച്ച കൂടുതല്‍ പേര്‍ക്കു ദേഹാസ്വാസ്ഥ്യം : വിവിധ ആശുപത്രികളിൽ ചികിത്സതേടിയത് 70 പേര്
1544211
Monday, April 21, 2025 6:29 AM IST
പേരൂര്‍ക്കട: ഷവര്‍മ കഴിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കൂടുതല്‍ പേര് ഇന്നലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇതോടെ ഇതുവരെ ചികിത്സയില്‍ പ്രവേശിച്ചവരുടെ എണ്ണം 86 ആയി. മണക്കാടുള്ള ഇസ്താന്‍ബുള്‍ റോള്‍സ് ആൻഡ് ഗ്രില്‍സ് എന്ന ഹോട്ടലില്‍ നിന്നു വെള്ളിയാഴ്ച വൈകുന്നേരം ഷവര്‍മയും മയണൈസും കഴിച്ചവര്‍ക്കാണ് ഛര്‍ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടത്.
ശനിയാഴ്ച മാത്രം 16 പേരായിരുന്നു ചികിത്സ തേടിയത്. ഇവരില്‍ പകുതിയോളം പേര് ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. ഞായറാഴ്ച ദേഹാസ്വാസ്ഥ്യമുണ്ടായവരില്‍ ഒന്പതുപേര് കുട്ടികളാണ്. അമ്പലത്തറ അല്‍ആരിഫ് ആശുപത്രിയില്‍ 30 പേരും പിആര്‍എസ് ആശുപത്രിയില്‍ 20 പേരും കമലേശ്വരം ആശുപത്രിയില്‍ 10 പേരും പാളയം ജൂബിലി ആശുപത്രിയില്‍ അഞ്ചുപേരും എസ്പി ഫോര്‍ട്ട് ആശുപത്രിയില്‍ മൂന്നു പേരും കിംസ് ആശുപത്രിയില്‍ രണ്ടു പേരുമാണ് ചികിത്സയില്‍ പുതുതായി പ്രവേശിച്ചത്.
ആരുടെയും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. ചാല ഹെല്‍ത്ത് സര്‍ക്കിളിലെ സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വി.ഐ ബിജു, പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഹോട്ടലില്‍ പരിശോധന നടത്തുകയും ഭക്ഷ്യസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തത്.
ആരോഗ്യവകുപ്പ് ഹോട്ടല്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. ജനജീവിതത്തിന് ഹാനിയുണ്ടാകുന്ന വിധത്തില്‍ ഭക്ഷണവസ്തുക്കള്‍ പാചകം ചെയ്തു വിതരണം നടത്തിയതുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരേ ഫോര്‍ട്ട് പോലീസ് കേസെടുത്തിട്ടുണ്ട്.