മദ്യപാനത്തിനിടെ തർക്കം : സുഹൃത്തിനെ ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍
1543960
Sunday, April 20, 2025 6:10 AM IST
പൂന്തുറ: മദ്യപാനത്തിനിടെ സുഹൃത്തിനെ ബിയര്‍കുപ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ പരുത്തിക്കുഴി പള്ളിത്തെരുവ് സ്വദേശി കത്തി ഷമീര്‍ എന്നുവിളിക്കുന്ന ഷമീറിനെ (35) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകുന്നേരം പരുത്തിക്കുഴിക്കു സമീപം വി-വണ്‍ നഗറില്‍ വച്ചു പ്രതിയുടെ സുഹൃത്തായ പരുത്തിക്കുഴി പള്ളിത്തെരുവ് സ്വദേശി യാസറിനെ (35) ആണ് ഷമീര്‍ ബിയര്‍കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിച്ചത്.
ഇരുവരും മദ്യപാനത്തില്‍ ഏര്‍പ്പെട്ടിരുന്ന സമയത്തുണ്ടായ വാക്കുതർക്കമാണ് മര്‍ദനത്തില്‍ കലാശിച്ചതെന്നു പോലീസ് പറഞ്ഞു. യാസര്‍ നല്കിയ പരാതിയില്‍ കേസെടുത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇക്കഴിഞ്ഞ ജനുവരിയില്‍ മറ്റൊരു കേസില്‍ റിമാന്‍ഡിലായ പ്രതി ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ ശേഷമാണ് വീണ്ടും കേസില്‍ പ്രതിയാകുന്നതെന്ന് പോലീസ് പറഞ്ഞു.
പൂന്തുറ എസ്എച്ച്ഒ നിയാസിന്റെ നേതൃത്വത്തില്‍ എസ്ഐ മാരായ സുനില്‍, ജയപ്രകാശ്, എഎസ്ഐ പ്രിയകുമാര്‍ എസ്സിപിഒ മാരായ സജി, പ്രതീഷ് എന്നിവരുള്‍പ്പെട്ട പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.