വീണമീട്ടി കൊടിയേറും
1492181
Friday, January 3, 2025 6:13 AM IST
തിരുവനന്തപുരം: വീണക്കന്പികൾ തംബുരമീട്ടുന്പോൾ ഉയരുന്നതു സംസ്ഥാന സ്കൂൾ കലോത്സവ കൊടിമരം. തിരുവനന്തപുരം പൂന്തുറ സെന്റ്. തോമസ് സ്കൂളിലെ ചിത്രകലാധ്യാപകനായ വില്യം പനിപ്പച്ചയുടെ നേതൃത്വത്തിൽ അധ്യാപകർ ഒരുക്കിയ വീണയ്ക്കു മുകളിലാണ് ഇത്തവണത്തെ സ്കൂൾ കലോത്സവത്തിനുള്ള കൊടി ഉയർത്തുന്നത്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലെ പ്രധാന വേദിയ്ക്കു സമീപമാണ് വീണ സ്ഥാപിച്ചിട്ടുള്ളത്. നാല് അടി ഉയരത്തിൽ സ്ഥാപിച്ചിട്ടുള്ള പ്ലാറ്റ്ഫോമിനു മധ്യഭാഗത്തായാണ് 15 അടി ഉയരത്തിലുള്ള വീണ സ്ഥാപിച്ചിട്ടുള്ളത്.
വീണയ്ക്കു മുകളിലാണ് മൂന്നടി ഉയരത്തിൽ കൊടിമരം സെറ്റ് ചെയ്തിട്ടുള്ളത്. തെർമോകോൾ ഷീറ്റിലാണ് വീണ, വില്യം പനിപ്പച്ചയും കൂട്ടരും ഒരുക്കിയത്. തലസ്ഥാന നഗരത്തിൽ സംസ്ഥാന സ്കൂൾ കലോത്സവം നടക്കുന്പോൾ അധ്യാപകരുടെ കരവിരുതുകളിലൂടെ വ്യത്യസ്ത ആശയത്തിലാകണം ഇത്തരം കലാസൃഷ്ടികൾ ഒരുക്കേണ്ടതെന്ന പൊതു വിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസിന്റെ നിർദേശത്തെ തുടർന്നാണ് ഇത്തരമൊരു ആശയം മുന്നോട്ടു വച്ചതെന്നു വില്യം പനിപ്പച്ച ദീപികയോടു പറഞ്ഞു.
തുടർന്ന് കലാസൃഷ്ടിക്ക് അംഗീകാരം നൽകി. പിന്നീടാണ് ഇവയുടെ നിർമാണം തുടങ്ങിയത്. പ്രധാന വേദിയിൽ മിക്കയിടത്തും തിരുവനന്തപുരത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന കലാസൃഷ്ടികൾ രൂപപ്പെടുത്തിയിട്ടുണ്ട്.
മൾട്ടി വുഡിൽ തീർത്ത സെക്രട്ടേറിയറ്റ് മന്ദിരവും നിയമസഭയും കേരള സർവകലാശാലയും വിഴിഞ്ഞം രാജ്യാന്തര തുറമുഖവുമൊക്കെ ഇവിടെ തീർത്തിട്ടുണ്ട്. നാളെ സംസ്ഥാന സ്കൂൾ കലോത്സവത്തിനു തിരശീല ഉയരുന്പോൾ, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപർക്കും ഇവയൊക്കെ കാഴ്ചയുടെ പുതിയ വാതായനങ്ങൾ തുറക്കു്ന്നവയാകും.