പൂന്തുറ പൊഴിയില്‍ കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1492184
Friday, January 3, 2025 6:13 AM IST
തിരുവല്ലം: കരമനയാറിലെ പൂന്തുറ ഭാഗത്തുള്ള പൊഴിയില്‍ സുഹൃത്തിനൊപ്പം കുളിക്കാനിറങ്ങിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പാലോട് കുശവൂര്‍ കുന്നുംപുറത്ത് വീട്ടില്‍ അനിലിന്റെ മകന് അനീഷിന്റെ (20) മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം നാലിനായിരുന്നു അനീഷിനെ കാണാതായത്.
മീൻപിടിക്കാനെത്തിയവരായിരുന്നു മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളായ കോവളം കെഎസ് റോഡ് സ്വദേശി അച്ചു , തമിഴ്നാട് കൊല്ലംകോട് സ്വദേശി ആന്റണി എന്നിവര്‍ക്കൊപ്പമായിരുന്നു അനീഷ് പൊഴിക്കരയില്‍ എത്തിയത്.
തുടര്‍ന്ന് അനീഷും , അച്ചുവും കുളിക്കുന്നതിനായി പൊഴിയില്‍ ഇറങ്ങുകയായിരുന്നു. ആന്റണി കരയില്‍ ഇരിക്കുകയായിരുന്നു. കുളിക്കുന്നതിനിടെ അനീഷ് വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു.
എന്നാല്‍ സംഭവം പുറത്ത് പറയാതെ അച്ചുവും , ആന്റണിയും സംഭവസ്ഥലത്തുനിന്നും തിരികെ പോകുകയായിരുന്നതായി പോലീസ് പറഞ്ഞു. അനീഷും അച്ചുവും , ആന്റണിയും തിരുവല്ലത്തുള്ള സ്വകാര്യ റിസോര്‍ട്ടിലെ ജീവനക്കാരാണെന്ന് പോലീസ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയോടെ അച്ചുവും , ആന്റണിയും തിരുവല്ലം പോലീസ് സ്റ്റേഷനിലെത്തി നടന്ന കാര്യം പറഞ്ഞതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. ഇവര്‍ക്ക് തൊട്ട് പിന്നാലെ തന്നെ യുവാക്കള്‍ ജോലി നോക്കിയിരുന്ന റിസോര്‍ട്ടിലെ മാനേജര്‍ യുവാവിനെ കാണാനില്ലെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു.
ഇതിനു ശേഷം പോലീസ് വിവരം വിഴിഞ്ഞം ഫയര്‍ ഫോഴ്സില്‍ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ വിഴിഞ്ഞം ഫയര്‍ ഫോഴ്സ് അധികൃതരും സ്കൂബ ടീമും തിരുവല്ലം പോലീസും സംഭവസ്ഥലത്തെത്തി വ്യാഴാഴ്ച രാത്രി ഏഴുവരെ തെരച്ചില്‍ നടത്തിയെങ്കിലും അനീഷിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്ന് തെരച്ചില്‍ നിര്‍ത്തി സംഘം മടങ്ങുകയായിരുന്നു. ഇതിനിടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തിയത്.