ബിജെപി നേതാവിന്റെ വീട് ആക്രമിച്ചതായി പരാതി
1492196
Friday, January 3, 2025 6:24 AM IST
ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ബിജെപി നേതാവിന്റെ വീട് ഡിവൈഎഫ്എൈ പ്രവർത്തകർ ആക്രമിച്ചതായി പരാതി. ഇന്നലെ പുലർച്ചെയാണ് ആക്രമണം. ബിജെപി നേതാവ് ആനന്ദ് രാജി (42) ന്റെ വീടിന് നേരെ കല്ലെറിയുകയായിരുന്നു.
ഈ സമയം വീടിന്റെ മുൻവശത്തെ കതകുതുറന്ന് പുറത്ത് വന്ന അനന്ദരാജിനെ ആറോളംപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. മുഖത്തും തലയ്ക്കും ആക്രമിച്ചതായി പരാതിയിൽ പറയുന്നു.
വീടാക്രമിച്ച ശേഷം രാമച്ചം വിളയിലെ ആനന്ദരാജിന്റെ കടയും പ്രതികൾ അടിച്ചു തകർത്തു. തലയ്ക്ക് ഗുരുതരമായി പരിക്കറ്റ ആനന്ദരാജിനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് നഗരസഭയിലെ സിപിഎം കൗൺസിലർ സുഖിൽ, ഡിവൈഎഫ്ഐ വെസ്റ്റ് മണ്ഡലം സെക്രട്ടറി അജീഷ് അടക്കം രണ്ടു പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണ സംഭവവുമായി ബന്ധപ്പെട്ട് മേലാറ്റിങ്ങൽ ശിവ ക്ഷേത്രത്തിന് സമീപം ആറ്റിങ്ങൽ ഡിവൈഎഫ്ഐ മുൻ മേഖല പ്രസിഡന്റ് ശ്രീജിത്തിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ടൂറിസ്റ്റ് ബസ് കഴിഞ്ഞ ദിവസം രാത്രി ഒരു സംഘം ആക്രമികൾ അടിച്ചു തകർത്തിരുന്നു.