യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പിടിയിൽ
1492192
Friday, January 3, 2025 6:24 AM IST
വിഴിഞ്ഞം: പുതിയതുറയിൽ തീരദേശത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് കാഞ്ഞിരംകുളം പോലീസ്. കൊലപാതകം നടത്തിയ സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പുതിയതുറ കറുത്താൻവിള പുരയിടത്തിൽ ബാഷ എന്നുവിളിക്കുന്ന വിപിനെ (29) പുതിയതുറ ബീച്ചിന് സമീപത്ത് നിന്നും കാഞ്ഞിരംകുളം എസ്എച്ച്ഒ ടി.കെ.മിഥുന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ പിടികൂടി. കരുംകുളം പുതിയതുറ ആറ്റുലൈൻ ഹൗസിൽ ദാസന്റെ മകൻ ജോസ് (43) നെയാണ് മരിച്ച നിലയിൽ കണ്ടത്. കഴിഞ്ഞദിവസമാണ് മൃതദേഹം ജോസിന്റെ വാടക വീടിന് സമീപത്ത് പോലീസ് കാണുന്നത്. വലതുകണ്ണിന്റെ താഴെ മുറിവും നെഞ്ചിൽ കല്ലുകൊണ്ട് ഇടിയേറ്റ് ചതവുപറ്റിയ നിലയിലുമായിരുന്നു മൃതദേഹം .മുൻവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് പോലീസിന്റെ നിഗമനം.
സംഭവം അറിഞ്ഞെത്തിയ പോലീസ് സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിരുന്നു. ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. പുതുവർഷ തലേന്നാണ് കൊല നടന്നത്.
മൃതദേഹത്തിന് സമീപം കണ്ടെത്തിയ ഹോളോബ്രിക്സ് കല്ലുകൊണ്ട് കൊലയാളികൾ ജോസിനെ നെഞ്ചിലിടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. സംഘത്തിലെ മറ്റ് പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. മത്സ്യ തൊഴിലാളിയായ ജോസ് വർഷങ്ങളായി ഭാര്യയുമായി പിണങ്ങി സുഹൃത്ത് രാജേന്ദ്രനൊപ്പം വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്.