പാതിരിപ്പള്ളി വാർഡിലെ ഓടകൾ വൃത്തിയാക്കുന്നില്ലെന്ന്
1487280
Sunday, December 15, 2024 6:42 AM IST
പേരൂർക്കട: ശുചീകരണം പേരിൽ ഒതുങ്ങിയതോടെ തിരുവനന്തപുരം നഗരസഭയുടെ പാതിരിപ്പള്ളി വാർഡിൽ ഉൾപ്പെടുന്ന ഓടകൾ മിക്കതും പകർച്ചവ്യാധി ഭീഷണി സൃഷ്ടിക്കുന്നതായി നാട്ടുകാർ പരാതിപ്പെടുന്നു. ചൂഴമ്പാല-മഠത്തുനട റോഡിനു സമീപത്തെ ഓടകളിലാണ് മലിനജലം കൂടുതലായി കെട്ടിക്കിടക്കുന്നത്.
മലിനജലം കെട്ടിക്കിടക്കാൻ തുടങ്ങിയതോടെ പ്രദേശത്ത് കൊതുകുശല്യം വർധിച്ചതായും പരാതിയുണ്ട്. വാർഡ് കൗൺസിലറും ഹെൽത്ത് അധികൃതരും ഇവിടേക്ക് തിരിഞ്ഞു നോക്കുന്നില്ല എന്നാണ് ആക്ഷേപം.
ചൂഴമ്പാല നാദബ്രഹ്മക്ഷേത്രത്തിന് സമീപത്തുകൂടി കടന്നുപോകുന്ന ഓട പൂർണമായും ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. വീടുകളിൽ നിന്നുള്ള മാലിന്യ നിക്ഷേപം വർധിച്ചതാണ് കാരണം. കൃത്യമായ കാലയളവിൽ ഓടകൾ വൃത്തിയാക്കുന്നില്ലെന്ന പരാതിയാണ് നാട്ടുകാർക്ക്.