ശമ്പളത്തിനു വേണ്ടി സമരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കുനേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം
1487082
Saturday, December 14, 2024 6:52 AM IST
തിരുവനന്തപുരം: ശമ്പളം കൃത്യമായി നല്‍കണമെന്നത് ഉള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്പോര്‍ട്ട് ഡമോക്രാറ്റിക് ഫെഡറേഷന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നിലേക്കു നടത്തിയ പ്രതിഷേധ പ്രകടനത്തിനു നേര്‍ക്ക് പോലീസിന്റെ ജലപീരങ്കി പ്രയോഗം.
ഇന്നലെ രാവിലെ 11ന് ട്രാന്‍സ്്പോര്‍ട്ട് ഭവനുമുന്നില്‍ നിന്നുമാരംഭിച്ച പ്രതിഷേധ പ്രകടനം സെക്രട്ടേറിയറ്റിനു മുന്നില്‍ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞു.
തുടര്‍ന്ന് ആരംഭിച്ച പ്രതിഷേധ ധര്‍ണ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് ഉദ്ഘാടനം ചെയതു. ഗതാഗതമന്ത്രിയുടെ നിലപാട് ജന്മിമാരുടേതുപോലെയാണെന്നും അത്തരത്തിലുള്ള സമീപനമാണ് തൊഴിലാളികള്‍ക്ക് നേരെ മന്ത്രി സ്വീകരിക്കുന്നതെന്നും ഹസന് പറഞ്ഞു. കെഎസ് ആര്‍ടിസിയില്‍ ഉള്‍പ്പെടെ പിന്‍വാതില്‍ നിയമനം നടത്തുകയാണ്.
മന്ത്രിയുടെ പാര്‍ട്ടിയില്‍ ആളില്ലാത്തതിനാല്‍ സഖാക്കളെയാണ് പിന്‍വാതിലിലൂടെ നിയമിക്കുന്നതെന്നും എട്ടു വര്‍ഷത്തെ പിണറായി ഭരണം കൊണ്ട് പിഎസ്്സിയെ ഉള്‍പ്പെടെ നോക്കുകുത്തിയാക്കി എല്ലാ കമ്യൂണിസ്റ്റു കുടുംബങ്ങള്‍ക്കും പിന്‍വാതില്‍ നിയമനം നല്‍കുന്നതിന്റെ തിരക്കിലാണ് സര്‍ക്കാരെന്നും ഹസന് ആരോപിച്ചു.
യുഡിഎഫ് കണ്‍വീനര്‍ സമരം ഉദ്ഘാടനം ചെയ്തു വേദി വിട്ടതിനു പിന്നാലെ പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. പ്രവര്‍ത്തകര്‍ ബാരിക്കേഡ് വലിച്ചുമാറ്റാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. ഇതോടെ കെഎസ്ആര്‍ടിസി ജീവനക്കാരും പോലീസുകാരും തമ്മില്‍ വാക്കേറ്റവുമുണ്ടായി.
തുടര്‍ച്ചയായി ജലപീരങ്കി പ്രയോഗം നടത്തിയാണ് കെഎസ്ആര്‍ടിസിക്കാരെ പിരിച്ചുവിട്ടത്. ജീവനക്കാരുടെ സമരം സമരഗേറ്റിനു മുന്നില്‍ നടക്കുമ്പോള്‍ തൊട്ടപ്പുറത്തു കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ അനിശ്ചിതകാല സമരവും നടക്കുന്നുണ്ടായിരുന്നു.