നെടുമങ്ങാട് നടന്ന താലൂക്കുതല ഫയൽ അദാലത്ത് പ്രഹസനമായി മാറിയെന്നു യൂത്ത് കോൺഗ്രസ്
1487086
Saturday, December 14, 2024 6:52 AM IST
നെടുമങ്ങാട്: മന്ത്രിമാരും എംഎൽഎമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ പങ്കെടുത്ത നെടുമങ്ങാട് താലൂക്കുതല ഫയൽ അദാലത്ത് പ്രഹസനമായി മാറിയെന്ന് ആക്ഷേപം. 2500 ഓളം ബിപിഎൽ അപേക്ഷകൾ കിട്ടിയതിൽ 470 എപിഎൽ കാർഡുകൾ മാത്രമാണ് ബിപിഎല്ലായി പരിഗണിച്ചത്. മന്ത്രിമാർ നേരിട്ടു പരാതി സ്വീകരിക്കുന്നതിന്റെ എണ്ണം പരിമിതപ്പെടുത്തി കൊണ്ടാണ് അദാലത്ത് സംഘടിപ്പിച്ചത്.
ആസന്നമായിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടി പ്രവർത്തകർ ആവശ്യപ്പെട്ടവർക്കും ഇഷ്ടക്കാർക്കും മാത്രം യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ഭൂരിപക്ഷം അപേക്ഷകളും ബിപിഎൽ ആക്കി നൽകിയിരിക്കുന്നത്. വികലാംഗർ, വിധവകൾ നിത്യരോഗികൾ, ഭിന്നശേഷിക്കാർ, വിവാഹിതർ അല്ലാത്ത അമ്മമാർ ഉൾപ്പെടെ വലിയൊരു വിഭാഗം മാസങ്ങൾക്കുമുന്നേ നൽകിയ അപേക്ഷകൾ പരിഗണിക്കപ്പെട്ടില്ലെന്നും ആരോപണം ഉയരുന്നുണ്ട്.
അൺ ഓതറൈസ്ഡ് ബിൽഡിംഗ് വിഭാഗത്തിൽ വരുന്ന വീടുകളുടെ ക്രമവത്കരണം പ്രഹസനമാക്കിയ അദാലത്തായിരുന്നു നടന്നതെന്നും നാട്ടുകാർ ആരോപിക്കുന്നു. മാനുഷികപരമായി ഒരു സാധാരണക്കാരനു നേടിയെടുക്കേണ്ട അവകാശങ്ങൾ പോലും നിരുപാധികം അവഗണിക്കുന്ന സാഹചര്യമാണ് ഇതിലൂടെ ഉണ്ടായത്.
അടിയന്തരമായി ബിപിഎൽ ലിസ്റ്റ് പുനഃപരിശോധന നടത്തണമെന്നും അല്ലാത്തപക്ഷം ഇതിനു മറുപടി പറയേണ്ടത് ആർഡിഒ ആയിരിക്കുമെന്നും ഇതിനെതിരെ ഹൈക്കോടതി, ജില്ലാ കളക്ടർ, ചീഫ് സെക്രട്ടറി, ഓബുഡ്സ്മാൻ, വകുപ്പു മന്ത്രി എന്നിവർക്ക് പരാതി നൽകുമെന്നു യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് താഹിർ നെടുമങ്ങാട് പ്രസ്താവനയിലൂടെ അറിയിച്ചു.