പൗർണമിക്കാവിൽ ഇന്ന് ലക്ഷദീപങ്ങൾ തെളിയും
1487276
Sunday, December 15, 2024 6:30 AM IST
വിഴിഞ്ഞം: വെങ്ങാനൂർ പൗർണമിക്കാവ് ബാലത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിൽ പൗർണമിയായ ഇന്ന് ലക്ഷദീപങ്ങൾ തെളിയിക്കുന്നു. ക്ഷേത്ര വളപ്പിൽ സജ്ജമാക്കുന്ന വിളക്കുകളിൽ നൂറുകണക്കിന് ഭക്തരുടെ നേത്യത്വത്തിൽ വിളക്കുകൾ തെളിയിക്കും.
വൈകിട്ടുള്ള ദീപാരാധനയ്ക്ക് ശേഷമാകും ദീപങ്ങൾ തെളിയിക്കുന്നത്. ക്ഷേത്രത്തിൽ ഇതാദ്യമായി നാഗ-നാഗേശ്വരി ദേവിക്കും നാഗ ദേവതകൾക്കും വിധിപ്രകാരമുള്ള 108 കലശപൂജയും അഭിഷേകലശവും നടത്തും.
സ്വർണവും രത്നങ്ങളും അഷ്ട്ര ദ്രവ്യങ്ങളും ഉൾപ്പെടുത്തിയാണ് അഭിഷേകമുൾപ്പെട്ട പൂജകൾ നടത്തുക എന്ന് ക്ഷേത്രം പ്രസിഡന്റ് അനന്തപുരി മണികണ്ഠൻ പത്ര സമ്മേളനത്തിൽ അറിയിച്ചു.
എല്ലാ പൗർണിനാളുകളിലും ഭക്തർക്ക് ക്ഷേത്രത്തിലെത്തുന്നതിനായി കെഎസ്ആർടിസിയുടെ നഗരത്തിലെ വിവിധ ഡിപ്പോകളിൽ നിന്നുളള ബസ് സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. സർവീസുകൾ ഇന്ന് മുതൽ തുടങ്ങും.
ക്ഷേത്രത്തിന്റെ നിയന്ത്രണത്തിലുള്ള ഓം ശക്തി ചാരിറ്റബിൾ ട്രസ്റ്റിന്റെ നേത്യത്വത്തിൽ ശബരിമലയിലെത്തുന്ന തീർഥാടകർക്ക് എരുമേലിയിലെ ശാസ്താ ക്ഷേത്രത്തിന് സമീപത്ത് ഭക്ഷണവും നൽകുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.
രാവിലെ മുതൽ വിവിധ പൂജകളും തുടർന്ന് കലാപരിപാടികളും രാത്രിയിൽ കളരിപ്പയറ്റുമുണ്ടാകും.