അരുവിക്കര ഡാം ഡീസില്റ്റേഷന് പദ്ധതി ഉദ്ഘാടനം ചെയ്തു
1486811
Friday, December 13, 2024 6:58 AM IST
നെടുമങ്ങാട്: കേരളത്തിലെ ജലാശയങ്ങളിൽ ആവശ്യത്തിനു സംഭരണശേഷിയില്ലെന്നു 2018-ലെ പ്രളയം കാണിച്ചുതന്നുവെന്നും 2022-23 കാലയളവിൽ ഒരു കോടി ഘനമീറ്റർ എക്കലും ചെളിയും വിവിധ ഡാമുകളിൽനിന്നു നീക്കം ചെയ്തതുമൂലം വെള്ളപ്പൊക്ക സാധ്യത കുറക്കാൻ കഴിഞ്ഞുവെന്നും മന്ത്രി റോഷി അഗസ്റ്റിൻ.
അരുവിക്കര ഡാമില്‍ അടിഞ്ഞുകൂടിയിരിക്കുന്ന എക്കലും മണ്ണും നീക്കം ചെയ്ത് ഡാമിന്റെ സംഭരണശേഷി വര്‍ധിപ്പിക്കുന്ന അരുവിക്കര ഡാം ഡീസില്റ്റേഷന് പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനാണ് ഡീസില്‍റ്റേഷന്റെ ചുമതല. 13.89 കോടി രൂപയ്ക്കാണ് അരുവിക്കര ഡാമിലെ ഡീസില്റ്റേഷന് പ്രവൃത്തികള്‍ നടത്തുന്നത്. ജി. സ്റ്റീഫന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.
അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആര്. കല, കെഐഐഡിസി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എസ്. തിലകന്, അരുവിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് രേണുകാദേവി, ജില്ലാ പഞ്ചാത്ത് അംഗം വെള്ളനാട് ശശി, നെടുമങ്ങാട് ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് വി.ആര്. ഹരിലാല്‍, രാഷ്ട്രീയ കക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.