സംയുക്ത പരിശോധനയ്ക്ക് മനുഷ്യാവകാശ കമ്മീഷൻ
1487079
Saturday, December 14, 2024 6:52 AM IST
അരശുമൂട്-കുഴിവിള റോഡിൽ കാൽനട പോലും അസാധ്യം
തിരുവനന്തപുരം: ആറ്റിപ്ര, കുളത്തൂർ പൗണ്ട് കടവ് വാർഡുകളിലൂടെ കടന്നുപോകുന്ന അരശുംമൂട്- കുഴിവിള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി പൊതുമരാമത്ത്, ജല അഥോറിറ്റി ഉദ്യോഗസ്ഥർ സംയുക്ത സ്ഥല പരിശോധന നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ്.
2018 ലാണ് സ്വീവേജ് ലൈനിനു വേണ്ടി പൊതുമരാമത്ത് വകുപ്പ് ജല അഥോറിറ്റിക്ക് റോഡ് കൈമാറിയത്. എന്നാൽ കാൽനടയാത്ര പോലും അസാധ്യമാകും വിധം പൊതുജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടഞ്ഞിരിക്കുകയാണെന്നാണ് പരാതി. ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനിയർ സമർപ്പിച്ച റിപ്പോർട്ടിൽ കരാർ ഏറ്റെടുത്ത കന്പനിയുടെ അനാസ്ഥ കാരണമാണ് നിർമാണം വൈകിയതെന്നു പറയുന്നു.
പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയാക്കി കഴിഞ്ഞ മേയ് എട്ടിനു റോഡ് പൊതുമരാമത്ത് വകുപ്പിനു കൈമാറിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
മാൻഹോളുകളിൽ നിന്നും വെള്ളം അനിയന്ത്രിതമായി ഒഴുകുകയാണെന്നും ജല അഥോറിറ്റിയുടെ പണികൾ പൂർത്തിയായിട്ടില്ലെന്നും പരാതിക്കാരൻ അറിയിച്ചു. തുടർന്നാണ് സംയുക്ത പരിശോധനക്ക് കമ്മീഷൻ നിർദേശം നൽകിയത്.
മാൻഹോളിൽ നിന്നും വെള്ളം അനിയന്ത്രിതമായി ഒഴുകുകയാണെങ്കിൽ അത് പരിഹരിക്കാൻ എക്സിക്യൂട്ടീവ് എൻജിനീയർ നടപടിയെടുക്കണം. സ്വീകരിച്ച നടപടികൾ പൊതുമരാമത്ത്, ജല അഥോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർമാർ നാലാഴ്ചയ്ക്കുള്ളിൽ കമ്മീഷനിൽ സമർപ്പിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ട ർ തോമസ് ഉത്തരവിൽ പറഞ്ഞു. കേസ് ജനുവരി 16 ന് പരിഗണിക്കും.