മരുന്ന് വാങ്ങിയിട്ട് പണം നൽകാതെ മുങ്ങും : പ്രതി സിസിടിവിയിൽ
1487275
Sunday, December 15, 2024 6:30 AM IST
കാട്ടാക്കട: മെഡിക്കൽ സ്റ്റോറുകളിൽ നിന്നും മരുന്നു വാങ്ങി പണം കൊടുക്കാതെ മുങ്ങുന്ന ഇതര സംസ്ഥാനക്കാരൻ സിസിടിവിയില് പതിഞ്ഞു. ഫോണിൽ വിളിച്ച് വിലകൂടിയ മരുന്ന് ആവശ്യപ്പെട്ട ശേഷം സ്ഥാപനത്തിൽ എത്തി തന്ത്രപൂർവം മരുന്ന് കൈക്കലാക്കി മുങ്ങുന്നതാണ് ഇയാളുടെ രീതി.
എന്നാൽ മെഡിക്കൽ സ്റ്റോറുകളിൽ ഇത്തരം തടിപ്പ് നടക്കുന്നതായി മെഡിക്കൽ സ്റ്റോർ ഉടമകളുടെ വാട്സ് ആപ് കൂട്ടായ്മയിൽ സന്ദേശം പ്രചരിച്ചിരുന്നത് അറിവുണ്ടായിരുന്നതിനാൽ സംശയത്തിന്റെ അടിസ്ഥാനത്തിൽ ഫോൺ വിളിച്ച് ആവശ്യപ്പെട്ട മരുന്നിനു പകരം പരീക്ഷണാർഥം ജീവനക്കാരി വൈറ്റമിൻ ഗുളികകൾ പൊതിഞ്ഞു വച്ചു.
ഇതായിരുന്നു തട്ടിപ്പുകാരൻ കൊണ്ട് പോയത്. കാട്ടാക്കട മുടിപ്പുര കെട്ടിടത്തിൽ ന്യൂ പ്രഭ മെഡിക്കൽ സ്റ്റോറിൽ വെള്ളിയാഴ്ച രാത്രി 7. 30 ഓടെയാണ് സംഭവം. വെള്ളിയാഴ്ച ഉച്ചയോടെ പലതവണ മൊബൈലിൽ വിളിക്കുകയും മരുന്നിന്റെ പേരുകൾ പറയുകയും പ്രിസ്കൃപ്ഷനുമായി എത്താം എന്ന് പറയുകയും ചെയ്ത ഇതര സംസ്ഥാനക്കാരൻ രാത്രി 7.30 ഓടെ മെഡിക്കൽ സ്റ്റോറിൽ എത്തുകയും മരുന്ന് ആവശ്യപ്പെടുകയും ചെയ്തു.
സ്ഥാപനത്തിലെ ജീവനക്കാരി കൗണ്ടറിൽ പൊതിഞ്ഞു വച്ച മരുന്ന് കൈക്കലാക്കി ഇയാൾ ഇറങ്ങി ഓടി. ഇയാളെ പിടികൂടാൻ കടയിൽ ഉള്ളവർ പിന്തുടരാൻ ഒരുങ്ങിയെങ്കിലും ഈ സമയം അവിടെ എത്തിയ മറ്റൊരു ബൈക്കിൽ കയറി രക്ഷപെട്ടു. ഫോണിൽ വിളിച്ചത് തട്ടിപ്പുകാരായിരിക്കുമോ എന്ന സംശയത്തിലാണ് ആവശ്യപ്പെട്ട മരുന്നിന് പകരം വൈറ്റമിൻ ഗുളിക കൗണ്ടറിന്റെ മുകളിൽ വച്ചത് എന്ന് കടയുടമ സുരേഷ് പറഞ്ഞു. കാട്ടാക്കട പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും സുരേഷ് പറഞ്ഞു.
അതേസമയം ഇത്തരം തട്ടിപ്പുകാർ സജീവമാണെന്നാണ്. അടുത്തിടെ വിഴിഞ്ഞം, വെങ്ങാനൂർ തുടങ്ങിയ പ്രദേശങ്ങളിലും സമാന സംഭവം നടന്നതായി വിവരമുണ്ട്. സ്ത്രീകൾ മാത്രമുള്ള മെഡിക്കൽ സ്റ്റോറുകൾ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് പോലീസ് പറയുന്നു.
സാധാരണ പോലെ മരുന്നെടുത്ത് കൗണ്ടറിൽ വെക്കുന്ന സമയം ഇവ കൈയിലെടുത്ത് മുങ്ങുകയാണ് രീതി. പിന്നീട് മൊബൈൽ ഓഫ് ആക്കും.