തിരുവനന്തപുരം സിനിമയിൽ മുങ്ങി
1487077
Saturday, December 14, 2024 6:52 AM IST
പി.കെ. റോസിയെ സ്മരിച്ച് "സ്വപ്നായനം'
തിരുവനന്തപുരം: മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിയുടെ ദീപ്ത സ്മരണയിൽ കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സിഗ്നേച്ചർ ഫിലിം. മലയാള സിനിമാ ചരിത്രത്തെ പി.കെ. റോസിയുടെ ധീരപാരമ്പര്യത്തിലൂടെയും തൊഴിലാളി വർഗത്തിന്റെ കഠിനതകൾ നിറഞ്ഞ പോരാട്ടങ്ങളിലൂടെയും അടയാളപ്പെടുത്തുകയാണ് ‘സ്വപ്നായനം'.
തിരുവനന്തപുരത്തെ കാപിറ്റോൾ തിയറ്ററിൽ നടക്കാൻ പോകുന്ന ‘വിഗതകുമാര'ന്റെ ആദ്യപ്രദർശനത്തെക്കുറിച്ചുള്ള ചരിത്ര പ്രധാനമായ വിളംബരത്തിൽ ആരംഭിക്കുന്ന സ്വപ്നായനം മലയാള സിനിമയുടെ ആദ്യ നായിക പി.കെ. റോസിക്കുള്ള സ്മാരകമാകുന്നു.വിഗതകുമാരന്റെ ആദ്യ പ്രദർശനത്തോടെ നാടുവിടേണ്ടി വന്ന റോസി, ന്യൂ കാപിറ്റോൾ തിയറ്ററിൽ അഭിമാനത്തോടെ സിനിമ കാണുമ്പോൾ പുതിയ കാലത്ത് ആ നഷ്ട നായികയ്ക്ക് ലഭിക്കുന്ന ആദരം കൂടിയാണ് ചിത്രീകരിച്ചിരിക്കുന്നത്.
സിഗ്നേച്ചർ ഫിലിമിന്റെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത് തിരുവനന്തപുരം നഗരത്തിലാണ്. ഒരു മിനിറ്റോളം ദൈർഘ്യമുള്ള സിഗ്നേച്ചർ ഫിലിമിന്റെ സംവിധാനം, രചന, തിരക്കഥ, ഛായാഗ്രഹണം തുടങ്ങിയവ നിർവഹിച്ചിരിക്കുന്നത് മുംബൈയിൽ ഛായാഗ്രാഹകനായി ജോലി ചെയ്യുന്ന മലയാളി കെ.ഒ. അഖിലാണ്. പി.കെ.റോസിയായി അഭിനയിച്ചത് അഭിരാമി ബോസാണ്.
നിറഞ്ഞ സദസിൽ ഉദ്ഘാടന ചിത്രം
തിരുവനന്തപുരം: നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ഐഎഫ്എഫ്കെയുടെ പ്രൗഢഗംഭീരമായ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് ഉദ്ഘാടന ചിത്രം ‘ഐ ആം സ്റ്റിൽ ഹിയർ' പ്രദർശിപ്പിച്ചത്. ചലച്ചിത്രാസ്വാദകരുടെ നിറഞ്ഞ സദസിന് മുന്നിലായിരുന്നു പ്രദർശനം. ബ്രസീലിയൻ സംവിധായകൻ വാൾട്ടർ സാലസ് സംവിധാനം ചെയ്ത പോർച്ചുഗീസ് ഭാഷയിലുള്ള ചിത്രം ബ്രസീൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്.
സിനിമ ആൽക്കെമി ഇന്നു തുടങ്ങും
തിരുവനന്തപുരം:കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി 50 ലോക ചലച്ചിത്രാചാര്യൻമാർക്ക് ആദരമർപ്പിച്ചുള്ള "സിനിമ ആൽക്കെമി: എ ഡിജിറ്റൽ ആർട്ട് ട്രിബ്യൂട്ട്' എക്സിബിഷന് ഇന്നു തുടക്കമാകും.
പ്രശസ്ത സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ ടി.കെ.രാജീവ് കുമാർ ക്യൂറേറ്ററാകുന്ന പ്രദർശനത്തിൽ കലാസംവിധായകനും ചലച്ചിത്രകാരനുമായ റാസി മുഹമ്മദിന്റെ 50 ഡിജിറ്റൽ പെയിന്റിംഗുകൾ പ്രദർശിപ്പിക്കും.
കൗതുകമുണർത്തി മിനിയേച്ചർ കാമറകൾ
തിരുവനന്തപുരം: ചലച്ചിത്രമേളയിൽ കൗതുകക്കാഴ്ചയായി മിനിയേച്ചർ കാമറ പ്രദർശനവും വില്പനയും. ഏറെക്കാലം സിനിമകളിലെ കലാസംവിധാന മേഖലയിൽ സഹായിയായി പ്രവർത്തിച്ച് പരിചയസമ്പന്നനായ മോഹനൻ നെയ്യാറ്റിൻകരയാണ് കുഞ്ഞൻ കാമറകളുടെ നിർമാണത്തിന് പിന്നിൽ.
പാനാവിഷൻ SPSR, മിച്ചെൽ NC239, ആരിഫ്ലെക്സ് 35 II B എന്നീ പഴയകാല കാമറകളുടെ മാതൃകയിലാണ് മിനിയേച്ചർ ഒരുക്കിയിരിക്കുന്നത്. തേക്കിൻ തടിയിൽ നിർമിച്ച കാമറ ടാഗോർ തിയറ്റർ പരിസരത്ത് ആയിരം രൂപയ്ക്കാണ് വിൽക്കുന്നത്.
ഇന്ന് കിഷ്കിന്ധാ കാണ്ഡം മുതൽ ഡെസേർട്ട് ഓഫ് നമീബിയ വരെ
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് പ്രദർശിപ്പിക്കുക 67 ചിത്രങ്ങൾ. ഹോമേജ് വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന എം. മോഹൻ സംവിധാനം ചെയ്ത "രചന’, ഉത്പലേന്ദു ചക്രബർത്തി സംവിധാനം ചെയ്ത "ചോഘ്’, സെന്റണിയൽ ട്രിബ്യൂട്ട് വിഭാഗത്തിൽ പി. ഭാസ്കരൻ സംവിധാനം ചെയ്ത "മൂലധനം’ എന്നിവ രണ്ടാം ദിനം പ്രദർശിപ്പിക്കുന്ന ശ്രദ്ധേയ ചിത്രങ്ങളാണ്.
മലയാളം സിനിമ ടുഡേ വിഭാഗത്തിൽ വിജയരാഘവൻ, ആസിഫ് അലി, അപർണ ബാലമുരളി എന്നിവർ അഭിനയിച്ച കിഷ്കിന്ധാ കാണ്ഡത്തിന്റെ പ്രദർശനം ഉച്ച കഴിഞ്ഞ് മൂന്നിന് ന്യൂ തിയേറ്ററിൽ നടക്കും. പെരുമാൾ മുരുകന്റെ ചെറുകഥയെ ആധാരമാക്കി വിപിൻ രാധാകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രമാണ് അങ്കമ്മാൾ. വൈകിട്ട് ആറിനു കൈരളി തിയേറ്ററിൽ പ്രദർശിപ്പിക്കുന്ന ചിത്രം നഗരഗ്രാമാന്തരങ്ങളിലെ കാഴ്ച്ചപ്പാടുകൾ തമ്മിലുള്ള അന്തരത്തെ ഒരു അമ്മയുടെയും മകന്റെയും ബന്ധത്തിലൂടെ ആവിഷ്കരിക്കുന്നു.
നോറ മാർട്ടിറോഷൻ സംവിധാനം ചെയ്ത ഷുഡ് ദി വിൻഡ് ഡ്രോപ്പ് , കൺട്രി ഫോക്കസ് വിഭാഗത്തിൽ രാവിലെ 9.30ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും. വൈകിട്ട് ആറിന് അജന്ത തിയേറ്ററിൽ ജാക്ക് ഓർഡിയാ സംവിധാനം ചെയ്ത എമിലിയ പെരെസ് പ്രദർശിപ്പിക്കും. ഫീമെയിൽ ഗെയ്സ് വിഭാഗത്തിൽ യോക്കോ യമനാക സംവിധാനം ചെയ്ത ഡെസേർട്ട് ഓഫ് നമീബിയ രാവിലെ 11.45ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും.
കാൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ചതാണ് ചിത്രം ഇതുകൂടാതെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ ആൻ ഓസിലേറ്റിംഗ് ഷാഡോ, ദി ഹൈപ്പർബോറിയൻസ്, ബോഡി, അപ്പുറം, ലിൻഡ, എൽബോ എന്നീ ചിത്രങ്ങളും പ്രദർശിപ്പിക്കും.