ഐഎഫ്എഫ് കെ: ഹോമേജ് വിഭാഗത്തില്‍ നാലു ചിത്രങ്ങൾ
1487080
Saturday, December 14, 2024 6:52 AM IST
തിരുവനന്തപുരം : ഇന്ത്യൻ സിനിമയിലെ മൺമറഞ്ഞ പ്രതിഭകൾക്ക് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ആദരം. ഹോമേജ് വിഭാഗത്തിൽ ദേശീയ പുരസ്കാര ജേതാവായ ബംഗാളി ചലച്ചിത്രകാരൻ ഉത്പലേന്ദു ചക്രബർത്തിയുടെ ‘ചോഖ്’ , സമാന്തര ഹിന്ദി സിനിമയിലെ അതികായൻ കുമാർ സാഹ്നിയുടെ ‘തരംഗ്‘ എന്നിവ പ്രദർശിപ്പിക്കും. മലയാള സംവിധായകരായ ഹരികുമാറിന്റെ ‘സുകൃതം', എം. മോഹന്റെ ‘രചന’ എന്നീ ചിത്രങ്ങളും ഈ വിഭാഗത്തിൽ പ്രദർശനത്തിനുണ്ട്.
നവതരംഗസിനിമയുടെ മുഖ്യ പ്രയോക്താക്കളിലൊരാളാണ് 1948 ൽ ജനിച്ച ഉത്പലേന്ദു ചക്രബർത്തി . 1975 ലെ അടിയന്തരാവസ്ഥ പശ്ചാത്തലമായ ചോഖിൽ , തുണിമില്ലിലെ പ്രതികൂല സാഹചര്യങ്ങളിൽ പണിയെടുക്കുന്ന തൊഴിലാളിയുടെ ജീവിതം അനാവൃതമാക്കപ്പെടുന്നു. മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള 1983 ലെ ദേശീയപുരസ്കാരം ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. ചിത്രം ഇന്ന് വൈകുന്നേരം 6.15 ന് ന്യൂ തിയേറ്ററിൽ പ്രദർശിപ്പിക്കും.
എം. മോഹന്റെ "രചന ’ ഇന്ന് വൈകുന്നേരം 6.30 ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും. കുമാർ സാഹ്നിയുടെ തരംഗ് 17 ന് വൈകുന്നേരം 5 മണിക്ക് ന്യൂ തിയേറ്ററിൽ പ്രദർശിപ്പിക്കും. ഹരികുമാറിന്റെ സുകൃതം 18ന് വൈകുന്നേരം 5 :30 ന് നിള തിയേറ്ററിൽ പ്രദർശിപ്പിക്കും. കവിയൂർ പൊന്നമ്മ, ചെലവൂർ വേണു, നെയ്യാറ്റിൻകര കോമളം തുടങ്ങിയവർക്ക് മേള സ്മരണാഞ്ജലിയർപ്പിക്കും.