കടലിൽ മുങ്ങിത്താണയാൾക്ക് രക്ഷകരായി മൂന്ന് യുവാക്കൾ
1487274
Sunday, December 15, 2024 6:30 AM IST
വിഴിഞ്ഞം: മൂന്ന് യുവാക്കളുടെ അവസരോചിതമായ ഇടപെടൽ കടലിൽ ആഴങ്ങളിലേക്ക് മുങ്ങിത്താണ യുവാവിന്റെ ജീവന് രക്ഷയായി. കടലിന്റെ ആഴമറിയാതെ വെള്ളത്തിൽ കാൽ നനക്കുന്നതിനിടയിൽ ചുഴിയിൽപ്പെട്ട് ജീവന് വേണ്ടിയാചിച്ച യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയ തീരദേശത്തുകാർ താരങ്ങളായി. വെണ്ണിയൂർ സരസ്വതി നിവാസിൻ ആദിത്യൻ (18) നെയാണ് രക്ഷപ്പെടുത്തിയത്.
വിഴിഞ്ഞം പള്ളിത്തുറ സ്വദേശികളായ രതീഷ്, ജസ്റ്റിൻ, രാ ഹുൽ എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. വിഴിഞ്ഞം നോമാൻസ് ലാന്റിൽ ബാഗും ചെരുപ്പും കരയിൽ വച്ചശേഷം കാൽ നനക്കാൻ കടലിൽ ഇറങ്ങിയപ്പോഴാണ് ആദിത്യൻ ആഴത്തിൽ അകപ്പെട്ടു. നീന്തൽ വശമില്ലാത്തതിനാൽ രക്ഷപ്പെടാനുമായില്ല.
ഈ സമയം കടൽക്കരയിലൂടെ ബൈക്കിൽ സഞ്ചരിച്ച രതീഷിന്റെയും, ജസ്റ്റസിന്റെയും, രാഹുലിന്റെയും ശ്രദ്ധയിൽ വെള്ളത്തിൽ ഒരാൾ കൈളിട്ട് അടിക്കുന്നത് കാണാനായി. വലയിട്ട ശേഷം മിൻകുടുങ്ങാൻ വെള്ളത്തിൽ മത്സ്യത്തൊഴിലാളികൾ കൈ കൊണ്ടടിക്കുന്നത് പതിവായതിനാൽ ഇവർ യുവാവിന്റെ രക്ഷയ്ക്കായുള്ള യാചന ആദ്യം കാര്യമായെടുത്തില്ല.
എന്നാൽ നോക്കിനിൽക്കുന്നതിനിടയിൽ ആദിത്യൻ ആഴങ്ങളിലേക്ക് താഴുന്നതായി കണ്ടതോടെ അപകടം മനസിലാക്കിയ യുവാക്കൾ രണ്ടും കല്പിച്ച് കടലിലേക്ക് എടുത്തു ചാടി. താഴ്ന്ന് കൊണ്ടിരിന്ന ആദിത്യനെ ഉയർത്തിയെടുത്ത് കരയിൽ എത്തിച്ചു.
വെള്ളം കുടിച്ച് അവശനായ യുവാവിന് രക്ഷിച്ചവർ തന്നെ പ്രാഥമീക ശുശ്രൂഷകൾ നൽകി. വിവരമറിഞ്ഞെത്തിയ തീരദേശ പോലീസ് ആംബുലൻസ് വരുത്തി ആദർശിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. അപകടനില തരണം ചെയ്തതായും പോലീസ് അറിയിച്ചു. മത്സ്യബന്ധന വള്ളങ്ങൾ അടുപ്പിക്കുന്ന ഇവിടം കാഴ്ചയിൽ സുരക്ഷിതമെന്ന് തോന്നുമെങ്കിലും ആഴവും ചുഴിയുമുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ അറിയിച്ചു.