സ്കൂൾ സമയത്തെ ചരക്ക് ഗതാഗതം പൂർണമായും നിയന്ത്രിക്കണമെന്ന് ജവഹർ ബാൽ മഞ്ച്
1487081
Saturday, December 14, 2024 6:52 AM IST
തിരുവനന്തപുരം: സ്കൂൾ സമയത്തെ മുഴുവൻ ചരക്ക് വാഹനങ്ങളുടെയും ഗതാഗതം നിയന്ത്രിക്കണമെന്ന് ജവഹർ ബാൽ മഞ്ച് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ടിപ്പർ ഗതാഗതം നിരോധിച്ച മാതൃകയിൽ ഇത് സാധ്യമാക്കുകയാണെങ്കിൽ ഇനിയും നടുറോഡിൽ കുരുന്നു ജീവനുകൾ ബലിനൽകേണ്ടി വരില്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. പാലക്കാട് കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികളുടെ മരണത്തിൽ സംസ്ഥാന കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.
കുട്ടികളുടെ മരണം അധികൃതരുടെ കുറ്റകരമായ നിരുത്തരവാദത്തിന്റെ അനന്തരഫലമാണെന്ന് സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. രാവിലെ 8.30 മുതൽ 10.30 വരെയും വൈകിട്ട് 3.30 മുതൽ 5 മണി വരേയും ചരക്ക് വാഹനങ്ങൾ സംസ്ഥാനത്ത് നിരത്തിലിറങ്ങുന്നത് കർശനമായി തടയണം.
അത്യാഹിതം സംഭവിക്കുമ്പോൾ കുറച്ച് കാലത്തേക്ക് മാത്രം കാണിക്കുന്ന ജാഗ്രത പിന്നീട് തുടരാത്തതും ഇത്തരം ദാരുണ സംഭവങ്ങൾക്ക്കാരണമാകുന്നത്. സ്കൂളുകൾക്ക് മുന്നിലെ റോഡുകളിലും വേഗ നിയന്ത്രണ സംവിധാനങ്ങൾ ഒരുക്കണം. സ്വകാര്യ ബസുകളുടെ മത്സര ഓട്ടം അവസാനിപ്പിക്കാനും നടപടി വേണം.