ഹൃദയാകര്‍ഷകമായി അങ്കണവാടി കലോത്സവം
1487085
Saturday, December 14, 2024 6:52 AM IST
നെയ്യാറ്റിന്‍കര: അമ്മൂമ്മയുടെയും അമ്മയുടെയുമൊക്കെ വിരലില്‍ തൂങ്ങിയാണ് ചിലര്‍ എത്തിയത്. അച്ഛനോടൊപ്പം വാഹനങ്ങളില്‍ വന്നവര്‍ ക്ലാസിലെ സഹപാഠികളെ കണ്ടപ്പോള്‍ സന്തോഷത്തോടെ തുള്ളിച്ചാടി. ഒരേ വേഷം ധരിച്ചെത്തിയ കൂട്ടുകാരെ ഒരുമിച്ചു നിര്‍ത്തി മൊബൈലില്‍ ചിത്രം പകര്‍ത്താന്‍ അധ്യാപികമാരും ആയമാരും മത്സരിച്ചു.
നെയ്യാറ്റിന്‍കര നഗരസഭ ഇന്നലെ സംഘടിപ്പിച്ച അങ്കണവാടി കലോത്സവം കുഞ്ഞുമക്കളുടെ കളിയും ചിരിയും കൊഞ്ചലുമൊക്കെ നിറഞ്ഞു ഹൃദയാകര്‍ഷകമായി. കുഞ്ഞുങ്ങളുടെ വികാസങ്ങളെയും ശേഷികളെയും ഏറ്റവും നന്നായി പ്രോത്സാഹിപ്പിക്കണമെന്നു കലോത്സവം ഉദ്ഘാടനം ചെയ്ത കവിയും അധ്യാപകനുമായ സനല്‍ ഡാലുംമുഖം പറഞ്ഞു.
നഗരസഭാ ചെയര്മാന് പി.കെ രാജമോഹനന് അധ്യക്ഷത വഹിച്ചു. സ്വദേശാഭിമാനി ടൗൺ ഹാളിൽ സംഘടിപ്പിച്ച ചടങ്ങില്‍ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എൻ.കെ. അനിതകുമാരി,
കൗൺസിലർമാരായ ജി. ഗോപകുമാർ, വടകോട് അജി, പ്രസന്നകുമാർ, ഷാമില, ഐശ്വര്യ, സിഡിപിഒ എം.ആർ. കൃഷ്ണ, ഐസിഡിഎസ് സൂപ്പർവൈസർമാരായ ഉഷകുമാരി, ഷിനിമോള്‍ എന്നിവർ പങ്കെടുത്തു. തുടർന്നു കുട്ടികളുടെ കലാപരിപാടികളും സമ്മാന വിതരണവും നടന്നു.