നെടുമങ്ങാട് താലൂക്കുതല അദാലത്ത്: എപിഎൽ കാർഡ് ഉടമകളെ ബിപിഎല്ലിലേക്ക് മാറ്റിയതിൽ അന്വേഷണം വേണമെന്ന് ആവശ്യം
1486800
Friday, December 13, 2024 6:44 AM IST
നെടുമങ്ങാട്: നെടുമങ്ങാട് നടന്ന താലൂക്കുതല അദാലത്തിന്റെ മറവിൽ അഞ്ഞൂറോളം എപിഎൽ കാർഡ് ഉടമകളെ യാതൊരു അന്വേഷണവും നടത്താതെ ബിപിഎൽ കാർഡിലേക്ക് മാറ്റിയതിനെപ്പറ്റി സമഗ്രമായ അന്വേഷണം നടത്തണമെന്നു കോൺഗ്രസ് വാമനാപുരം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ബിനു എസ്. നായരും മൂഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വേട്ടംപള്ളി സനലും ആവശ്യപ്പെട്ടു.
ത്രിതല പഞ്ചായത്ത് ഇലക്ഷൻ പടിവാതിൽവന്നു നിൽക്കുമ്പോൾ രാഷ്ട്രീയപരമായ നേട്ടം ഉയർത്തി കാണിക്കാൻ കഴിയാത്ത ഇടതുപക്ഷ മുന്നണി അദാലത്തിന്റെ മറവിൽ പാർട്ടിക്കാരെ എപിഎൽ കാർഡിൽനിന്നും ബിപിഎൽ കാർഡിലേക്ക് മാറ്റി നൽകുന്നത് അംഗീകരിക്കാൻ കഴിയുകയില്ല.
നിത്യരോഗികൾ, മാരകരോഗം പിടിപ്പെട്ടവർ, ഭിന്നശേഷിക്കാർ, വിധവകൾ, വികലാംഗർ തുടങ്ങി സമൂഹത്തിലെ താഴെ തട്ടിലെ സാധാരണക്കാരായ ആയിരക്കണക്കിനു പേർ ബിപിഎൽ കാർഡ് ആക്കുവാൻ ആയി അപേക്ഷ കൊടുത്ത് കാത്തിരിക്കുമ്പോഴും ഒരു നടപടിയും എടുക്കാത്തവർ ഒരന്വേഷണവും നടത്താതെ ഒറ്റരാത്രികൊണ്ട് അഞ്ഞൂറിലധികം എപിഎൽ കാർഡ് ഉടമകളെ ബിപിഎൽ കാർഡ് ഉടമകളാക്കി മാറ്റുന്നത് സംശയാസ്പദമാണെന്നും പറഞ്ഞു.
ഈ വിഷയത്തിൽ ബന്ധപ്പെട്ട അധികാരികൾ ഉടനടി ഇടപെടണമെന്നും അടിയന്തരമായി ഈ വിഷയത്തെപ്പറ്റി അന്വേഷിക്കണമെന്നും അല്ലാത്തപക്ഷം അർഹതയുള്ള സാധാരണക്കാരനെ അണിനിരത്തി ശക്തമായ സമരത്തിന് നേതൃത്വം കൊടുക്കുമെന്നും ഇരുവരുംഅറിയിച്ചു.