സാമ്പത്തിക തർക്കത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: പ്രതികൾ അറസ്റ്റിൽ
1487083
Saturday, December 14, 2024 6:52 AM IST
വട്ടപ്പാറ: സാമ്പത്തിക തർക്കത്തെ തുടർന്നു യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ. കരകുളം വെള്ളിമന വീട്ടിൽ വിജിത്ത് (40), മലയിൻകീഴ് നന്ദനത്തിൽ രാഹുൽ (35) എന്നിവരെയാണു വട്ടപ്പാറ പോലിസ് അറസ്റ്റ് ചെയ്തത്.
കേശവപുരം സൂര്യമംഗലം വീട്ടിൽ ശ്യാമിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രിയാണ് സംഭവം. ശ്യാം പ്രതികളിൽ ഒരാളായ രാഹുലിൽനിന്നും പത്തുലക്ഷം രൂപ കടം വാങ്ങിയിരുന്നു.
ശ്യാം പണം തിരികെ നൽകാതിരിക്കുകയും ഫോൺ വിളിച്ചാൽ എടുക്കാതിരിക്കുകയും ചെയ്തതിനെ തുടർന്നു രാഹുൽ തന്റെ ഭാര്യയെക്കൊണ്ട് ശ്യാമിനെ ഫോണിൽ ബന്ധപ്പെട്ട് സൗഹൃദയമുണ്ടാക്കുകയും ഉത്സവം നടക്കുന്ന കല്ലയം ക്ഷേത്ര പരിസരത്ത് വച്ചു നേരിൽ കാണാൻ പദ്ധതി തയാറാക്കുകയും ചെയ്തു.
തുടർന്നു കാറിൽ കല്ലയത്തെത്തിയ ശ്വാമിന്റെ കാറിൽ കയറിയ പ്രതികൾ കത്തികാട്ടി ശ്യാമിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു. കാറിൽ ഉണ്ടായിരുന്ന പെപ്പർ സ്പ്രേ പ്രതികൾക്കുനേരെ പ്രയോഗിച്ച ശ്യാമിനെ പ്രതികൾ കുത്തിയ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തു.
സിഐ ശ്രീജിത്ത്, എസ് ഐ മാരായ അനിൽകുമാർ , ഇക്ബാൽ, പ്രദീപ് സിപിഒമാരായ പ്രശാന്ത്, അരവിന്ദ് രാജേഷ് എന്നിവരടങ്ങുന്ന സംഘം സാഹസികമായി പ്രതികളെ പിടികൂടുകയായിരുന്നു. വിവിധ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകളുള്ള പ്രതികളെ കോടതിയിൽ ഹാജരാക്കി.