നോക്കുകൂലി നല്‍കിയില്ലെന്ന് ആരോപണം : വ്യാപാരിയെ യൂണിയന് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി
1487277
Sunday, December 15, 2024 6:42 AM IST
വെള്ളറട: നോക്കുകൂലി നല്‍കിയില്ലെന്ന് ആരോപിച്ച് വ്യാപാരിയെ യൂണിയന് പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി.പനച്ചമൂട് സ്വദേശി സുനില്‍കുമാറിനെയാണ് ബിഎംഎസ്, സിഐടിയു, ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പറയുന്നത്. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വെള്ളറട പോലീസിന് പരാതി നല്കി.
അരുവാട്ടുകോണത്ത് എസ്ടി വയര്ലെറ്റിംഗ് എന്ന സ്ഥാപനം നടത്തിവരിക്കുകയായിരുന്നു സുനില്‍കുമാര്‍. സിഐടിയു തൊഴിലാളി കൂടിയായിരുന്ന സുനില്‍കുമാറിന്റെ കണ്ണില്‍ ഉണ്ടായ അപകടത്തെ തുടര്‍ന്നായിരുന്നു ഒന്നരവര്‍ഷം മുമ്പ് സ്വന്തമായി സിമന്റ് വേലിക്കല്ല് നിര്‍മ്മിക്കുന്ന സ്ഥാപനം ആരംഭിച്ചത്.
എന്നാല്‍ കഴിഞ്ഞ ഓണക്കാലത്ത് സുനില്‍ സമീപിച്ച യൂണിയന് പ്രവര്‍ത്തകര്‍ ഓണപ്പടിയായി 25000 രൂപ ആവശ്യപ്പെട്ടിരുന്നു. ഇത്രയും തുക തനിക്ക് നല്കാന് കഴിയില്ല എന്ന് പറഞ്ഞതോടെ യൂണിയന് പ്രവര്‍ത്തകരുമായി അഭിപ്രായഭിന്നതയില്‍ എത്തിയിരുന്നു. ഇത് പലപ്പോഴും വാക്കേറ്റങ്ങളിലും കയ്യാങ്കളിയുടെ വക്കിലും എത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം വൈകിട്ട് സ്ഥാപനത്തില്‍ നിന്ന് ലോഡ് കയറ്റാൻ ഒരുങ്ങുമ്പോഴായിരുന്നു സംഭവം.
മൂന്ന് യൂണിയനുകളില്‍ നിന്നായി 15 ലധികം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി സുനില്‍കുമാറിനെ മര്‍ദിക്കുകയായിരുന്നു എന്നാണ് വെള്ളറട പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നത്. മര്‍ദ്ദനത്തില്‍ സുനില്‍കുമാറിന്റെ വലത് കണ്ണിനു സമീപത്തും, നെഞ്ചിലും കൈയ്ക്കും പരിക്കേറ്റു. ഇയാള്‍ ഇപ്പോള്‍ ചികിത്സയിലാണ്. വ്യാപാരി വ്യവസായി എകോപനസമതി നേതാക്കള്‍ ആശുപത്രിയില്‍ സന്തർശിച്ചു.
യൂണിയന് പ്രശ്നം നിലനില്‍ക്കുന്നതിനാൽ നിയമപ്രകാരം തൊഴില്‍ കാര്‍ഡിനായി ലേബര്‍ ഓഫീസറെ സമീപിച്ചെങ്കിലും കാര്യമായ ഇടപെടല്‍ ഇതുവരെ ഉണ്ടായില്ല എന്നും സുനില്‍കുമാര്‍ പറയുന്നു. തൊഴില്‍ ചെയ്ത് ജീവിക്കാന്‍ സാധിക്കാത്ത വിധം വ്യാപാരികളെ ബുദ്ധിമുട്ടിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരസമൂഹവും രംഗത്തെത്തി.
എന്നാല്‍ തങ്ങളുടെ യൂണിയന് പ്രശ്നം സംസാരിക്കാന്‍ മാത്രമാണ് അവിടെ എത്തിയതെന്നും മര്‍ദിച്ചു എന്ന് പറയുന്നത് അടിസ്ഥാന രഹിതമാണെന്നും യൂണിയന് പ്രവര്‍ത്തകര്‍ പറയുന്നു. സംഭവത്തില്‍ വെള്ളറട പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.