മലയാള സാഹിത്യ സമിതി പുരസ്കാരങ്ങൾ സമ്മാനിച്ചു
1482017
Monday, November 25, 2024 6:56 AM IST
തിരുവനന്തപുരം: മലയാള സാഹിത്യ സമിതിയുടെ പ്രഥമ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം മുൻ ഡിജിപിയും എഴുത്തുകാരിയുമായ ആർ. ശ്രീലേഖയ്ക്കു സമ്മാനിച്ചു. തൈക്കാട് ചിത്തരഞ്ജൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മലയാള സാഹിത്യ സമിതി സംസ്ഥാന പ്രസിഡന്റ് മൈലച്ചൽ വിജയൻ ആണ് ആർ. ശ്രീലേഖയ്ക്കു സാഹിത്യ ശ്രേഷ്ഠ പുരസ്കാരം സമ്മാനിച്ചത്.
ബലിപഥം എന്ന നോവലിനാണ് പുരസ്കാരം. ചലച്ചിത്ര നടൻ എം.ആർ. ഗോപകുമാർ മികച്ച നടനുള്ള പുരസ്ക്കാരം ആർ. ശ്രീലേഖയിൽ നിന്നും ഏറ്റുവാങ്ങി. ബിച്ചു തിരുമല സ്മാരക ഗാനപ്രതിഭാ പുരസ്കാരം കവി കാര്യവട്ടം ശ്രീകണ്ഠൻ നായർക്കു സമ്മാനിച്ചു.
കലാ - സാംസ്കാരിക, ജീവ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം കലാനിധി ചെയർപേഴ്സണ് ഗീതാരാജേന്ദ്രൻ ഏറ്റു വാങ്ങി. ശ്രവ്യ മാധ്യമ അവാർഡ് ആകാശവാണി തിരുവനന്തപുരം അസിസ്റ്റന്റ് ഡയറക്ടർ ശ്രീകുമാർ മുഖത്തല ഏറ്റുവാങ്ങി. സംഗീത രത്ന പുരസ്കാരം ഡോ.ശ്രദ്ധ പാർവതിയ്ക്കു സമ്മാനിച്ചു. ചടങ്ങിൽ സാഹിത്യസമിതിയുടെ മാധ്യമ പുരസ്കാരങ്ങളും സമ്മാനിച്ചു.
സാഹിത്യ സമിതി വാർഷികാഘോഷത്തിന്റ ഉദ്ഘാടനവും ആർ. ശ്രീലേഖ നിർവഹിച്ചു. ചടങ്ങിൽ സമിതി സംസ്ഥാന പ്രസിഡന്റ് മൈലച്ചൽ വിജയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് തൃപ്പരപ്പ് സ്വാഗതവും ജോയിന്റ സെക്രട്ടറി വി.ജെ. വൈശാഖ് നന്ദിയും പറഞ്ഞു.