പണാപഹരണം: മുൻ ദേവസ്വം ജീവനക്കാരന് കഠിനതടവും പിഴയും
1481714
Sunday, November 24, 2024 6:57 AM IST
തിരുവനന്തപുരം: പണാപഹരണക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ഓഫീസിലെ മുൻ ഹെഡ് ക്ലർക്ക് ജി. സുരേഷ് കുമാറിനെ രണ്ടു കേസുകളിൽ വിവിധ വകുപ്പുകളിലായി കോടതി 24 വർഷം കഠിനതടവിനും 2,40,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.
പിഴ അടച്ചില്ലെങ്കിൽ പ്രതി 17 മാസം അധികതടവ് അനുഭവിക്കണം. ശിക്ഷാ കാലാവധി ഒരുമിച്ച് അനുഭവിച്ചാൽ മതി എന്നതുകൊണ്ട് പ്രതിക്ക് നാലു വർഷം കഠിനതടവാകും അനുഭവിക്കേണ്ടി വരിക.
പ്രത്യേക വിജിലൻസ് കോടതി ജഡ്ജി എം.വി. രാജകുമാരയാണ് ശിക്ഷ വിധിച്ചത്. ചെക്ക് മോഷണക്കേസിൽ ഫോർട്ട് പോലീസ് പ്രതിക്കെതിരെ കേസ് എടുത്തതിനു പിന്നാലെ നടന്ന ആഭ്യന്തര അന്വേഷണത്തിലാണ് ഇയാൾ ഗുരുതര സാന്പത്തിക ക്രമക്കേടുകൾ നടത്തിയതായി കണ്ടെത്തിയതും വിജിലൻസ് പ്രതിക്കെതിരെ കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതും.
അന്വേഷണത്തിൽ പ്രതി അസിസ്റ്റന്റ് ദേവസ്വം കമ്മീഷണറുടെ പേരിൽ 1,34,412 രൂപ സ്വന്തമായി ചെക്ക് മുഖേന തട്ടിയെടുത്തതായും മറ്റൊരു കേസിൽ 88,936 രൂപ തട്ടിയെടുത്തതായും കണ്ടെത്തി. മാത്രമല്ല ദേവസ്വം വക രണ്ട് കെട്ടിടങ്ങളുടെ വാടകയായി 12, 450 രൂപ വീതം തട്ടിയെടുത്ത് അതു ബാങ്കിൽ അടച്ചതായി വ്യാജ ചെല്ലാൻ ഉണ്ടാക്കി ബാങ്കിന്റെ വ്യാജ സീൽ പതിപ്പിച്ച് പണം തട്ടിയതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
1994-96 കാലഘട്ടത്തിലായിരുന്നു പ്രതിയുടെ സാന്പത്തിക തട്ടിപ്പ് മുഴുവനും നടന്നത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പ്രോസിക്യൂട്ടർ എൽ.ആർ. രഞ്ജിത് കുമാർ ഹാജരായി.