പ്രാര്‍ഥനയിലൂടെ മുന്നേറണം: ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്
1482013
Monday, November 25, 2024 6:56 AM IST
തിരുവനന്തപുരം: പ്രാര്‍ഥന നല്കുന്ന കരുത്തിലൂടെ മുന്നേറണമെന്നു മാവേലിക്കര രൂപതാധ്യക്ഷന്‍ ബിഷപ്പ് ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്. പിഎംജി ലൂര്‍ദ് ഫൊറോന പള്ളിയിലെ 66-ാമത് ഇടവക ദിനാചരണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രാര്‍ഥനയാണ് നമ്മുടെ ശക്തി. ഒരുമിച്ചു പ്രാര്‍ഥിക്കുന്ന കുടുംബം ഒരുമിച്ചു മുന്നേറുന്നു.
നാം ലോകത്തോടും പ്രപഞ്ചത്തോടും ഐക്യപ്പെട്ടു ജീവിക്കണം. എന്നും ദൈവത്തോടു നന്ദിയുള്ളവരായിരിക്കണം. കൂടിവരുമ്പോഴുള്ള ഇമ്പമാണ് കുടുംബം.
എന്നാല്‍ ഇന്ന് കൂടിവരവ് കുറവാണ്. കൂട്ടായ്മകളുടെ ശക്തി ഇനിയും വര്‍ധിക്കേണ്ടതുണ്ട്. പങ്കാളിത്തമാണ് നമ്മുടെ കൂട്ടായ്മകളെ ബലപ്പെടുത്തുന്നത്. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് തിരുവനന്തപുരത്ത് പഠനത്തിനായി എത്തിയപ്പോള്‍ മുതല്‍ ലൂര്‍ദ് പള്ളിയുമായി ഉണ്ടായിരുന്ന ബന്ധവും അദ്ദേഹം പങ്കുവച്ചു.
സിറ്റി പോലീസ് കമ്മീഷ്ണര്‍ സ്പര്‍ജന്‍ കുമാര്‍ ഇടവകദിന സന്ദേശം നല്കി. ദേവാലയം പ്രത്യാശ പകര്‍ന്നു നല്കുന്നയിടമാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തിന്റെയും പ്രാര്‍ഥനയുടെയും ഈ കൂട്ടായ്മ ഏറെ സന്തേഷം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ലൂര്‍ദ് ഫൊറോന വികാരി ഫാ.ജോസഫ് കൈതപ്പറമ്പില് അധ്യക്ഷത വഹിച്ച ഇടവക ദിനാഘോഷത്തിന് സഹവികാരി ഫാ.റോബിന് പതുപ്പറമ്പില് സ്വാഗതം ആശംസിച്ചു. പാരീഷ് കൗണ്‍സില്‍ സെക്രട്ടറി ഏബ്രഹാം ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സിസ്റ്റര്‍ കൊച്ചുറാണി, കൈക്കാരന് ആന്റണി ജെ.കൈതപ്പറമ്പില് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു പ്രസംഗിച്ചു. സമൂഹത്തില്‍ സ്ത്യുത്യര്‍ഹമായ സേവനമനുഷ്ഠിക്കുന്ന ഇടവകാംഗങ്ങളെ ചടങ്ങില്‍ ആദരിച്ചു. ലൂര്‍ദ് എസ്എംവൈഎം അവതരിപ്പിച്ച മ്യൂസിക്കല്‍ ഡ്രാമ, ലൂര്‍ദ് സണ്‍ഡേ സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഗ്രൂപ്പ് ഡാന്‍സ്, മാതൃ-പിതൃ വേദി അവതരിപ്പിച്ച കോമിക് സ്കിറ്റ് തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.
ഇടവക ദിനത്തോടനുബന്ധിച്ച് ഇന്നലെ വൈകുന്നേരം 4.30ന് ആരംഭിച്ച ആഘോഷ പൂര്‍വമായ ദിവ്യബലിക്ക് ഇടവക വികാരി ഫാ.ജോസഫ് കൈതപ്പറമ്പില് മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ.റോബിന് പുതുപ്പറമ്പില്‍, ഫാ.റ്റോണ്‍ പൊന്നാറ്റില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.