കൈവരികളില്ല: നെയ്യാർ കനാലിൽ അപകടങ്ങൾ പതിയിരിക്കുന്നു
1481745
Sunday, November 24, 2024 7:10 AM IST
കാട്ടാക്കട: കൈവരികളില്ല, നെയ്യാർ കനാലിൽ അപകടങ്ങൾ പതിയിരിക്കുന്നു. ഇതോടെ നെയ്യാർ ഇറിഗേഷൻ കനാലിനരികിൽ കൈവരി സ്ഥാപിക്കണമെന്നാവശ്യം ശക്തമായി. കനാലിനരികിലൂടെ പോകുന്ന വാഹനത്തിന്റെ ഡ്രൈവറുടെ ശ്രദ്ധ അൽപ്പ മൊന്നു തെറ്റിയാൽ ഇരുപതടിയിലേറെ താഴ്ചയുള്ള കനാലിലേക്കു പതിക്കുന്ന സ്ഥിതിയാണുള്ളത്.
നെയ്യാർ വലതുകര കനാൽ കടന്നു പോകുന്ന പുന്നാവൂർ, വണ്ടന്നൂർ, തേമ്പാംമൂട്ടം തുടങ്ങി പലയിടത്തും കനാലിന്റെ സമീപത്താണ് റോഡുള്ളത്.
കനാലിന്റെ ഇരു ഭാഗത്തും കൈവരികളില്ല. ഇതുമൂലം അപകടങ്ങളും ഏറെയാണ്. അടുത്തിടെ മൂന്നു ദിനങ്ങളിലായി രണ്ടു ബൈക്കുകളും ഒരു കാറും റോഡിൽനിന്നും കനാലിലേയ്ക്ക് പതിച്ചിരുന്നു. ഭാഗ്യംകൊണ്ട് യാത്രക്കാർ രക്ഷപ്പെട്ടു. കനാലിന്റെ ഇരുവശത്തും കുറ്റിക്കാട് വളർന്നു നിൽപ്പുണ്ട്. ഇതും അപകടത്തിനു കാരണമാകുന്നു.
കാടു വെട്ടിത്തെളിക്കാൻ ജലവിഭവവകുപ്പും പഞ്ചായത്തുകളും നടപടിയെടുക്കുന്നില്ല. കനാലിന്റെ വശങ്ങളിൽ കൈവരി സ്ഥാപിക്കണമെന്നു ഗ്രാമസഭ പോലും ആവശ്യപ്പെട്ടിരുന്നു.
എന്നിട്ടും നടപടിയുണ്ടായില്ല. കനാൽ അറ്റകുറ്റപണികൾ നടക്കുന്ന സമയത്തുപോലും ഈ ആവശ്യത്തിന് ഒരു പരിഗണനയും നൽകുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.