റവന്യു ജില്ലാ കലോത്സവത്തിന് നാളെ തിരിതെളിയും
1481712
Sunday, November 24, 2024 6:57 AM IST
ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര: പന്ത്രണ്ട് സബ് ജില്ലകളിലെ 346 സ്കൂളുകളില്‍ നിന്നുള്ള ഏഴായിരത്തിയഞ്ഞൂറിലധികം മത്സരാര്‍ഥികള്‍ 249 ഇനങ്ങളിലായി മികവ് തെളിയിക്കുന്ന തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന് നാളെ തിരി തെളിയും.
കലോത്സവത്തിന്റെ ഒരുക്കങ്ങള്‍ അതിവേഗം പൂര്‍ത്തിയായി വരുന്നതായി സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്മാന് പി.കെ രാജമോഹനന്, ജനറല്‍ കണ്‍വീനര്‍ സുബിന് പോള്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പ്രധാന വേദിയായ നെയ്യാറ്റിന്‍കര ഗവ. എച്ച്എസ്എസില്‍ നാളെ രാവിലെ ഒന്‍പതിന് രജിസ്ട്രേഷന്. പത്തിനു രചനാ മത്സരങ്ങള്‍. വൈകുന്നേരം മൂന്നിന് പതാകയുയര്‍ത്തല്‍. ദൃശ്യവിസ്മയത്തിനു ശേഷം 3.30ന് കെ. ആന്‍സലന്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ മന്ത്രി ജി.ആര്. അനില്‍ കലോത്സവം ഉദ്ഘാടനം നിർവഹി ക്കും. ഡോ. ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും.
എംഎല്‍എ മാരായ സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, വി. ശശി, വി.കെ പ്രശാന്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്നു സ്റ്റേജിനങ്ങള്‍ ആരംഭിക്കും. ഈ വര്‍ഷം ഗോത്രകലകള്‍ കൂടി ഉള്പ്പെടുത്തിയിരിക്കുന്നതിനാലാണു വേദികളുടെ എണ്ണത്തില്‍ വര്ധനവുണ്ടായതെന്നു ഡിഡിഇ പറഞ്ഞു.
കുറ്റമറ്റ രീതിയില്‍ വിധിനിര്‍ണ്ണയവും ഫലപ്രഖ്യാപനവും നടത്താന്‍ പ്രോഗ്രാ കമ്മിറ്റി വ്യവസ്ഥ ചെയ്തിട്ടുണ്ട്. കലോത്സവ നടത്തിപ്പിനായി 15 സബ് കമ്മിറ്റികള്‍ വിവിധ അധ്യാപക സംഘടനകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. ശുചിത്വ മിഷന്റെ നിര്‍ദേശപ്രകാരം ഹരിത കലോത്സവമാക്കാനും പ്ലാസ്റ്റിക് ബോട്ടിലുകള്‍ ഒഴിവാക്കാനും തീരുമാനിച്ചതായും സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.
ഗതാഗത നിയന്ത്രണം, കുടിവെള്ള വിതരണം, മീഡിയ റൂം എന്നിവയെല്ലാം സുജ്ജമാക്കാനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് പബ്ലിസിറ്റി ആന്‍ഡ് മീഡിയ കണ്‍വീനര്‍ കെ.വി. അഭിലാഷ് പറഞ്ഞു.
രചനാ മത്സരങ്ങള്‍ നാളെ രാവിലെ ഗവ. ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ മുപ്പത് ക്ലാസ് മുറികളിലായി നടക്കും. വൈകുന്നേരം ഉദ്ഘാടന സമ്മേളനത്തിനു ശേഷം 13 വേദികളിലായി മത്സരങ്ങള്‍ അരങ്ങേറും. അതേ സമയം, പ്രോഗ്രാം നോട്ടീസ് പ്രകാരം 3.30 ന് ഉദ്ഘാടന സമ്മേളനവും നാലിന് സ്റ്റേജിനങ്ങളും ആരംഭിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതെങ്കിലും സമ്മേളനം വൈകുന്നതിനനുസരിച്ച് മത്സരങ്ങളുടെ സമയക്രമത്തിലും മാറ്റം വന്നേക്കാം.
രാത്രി വളരെ വൈകുന്നതിനു മുന്‍പ് മത്സരങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുമെന്ന് സംഘാടക സമിതി ഇപ്പോള്‍ അവകാശപ്പെടുന്നുവെങ്കിലും മുന്‍കാല അനുഭവങ്ങളുടെ വെളിച്ചത്തില്‍ സാധ്യതയില്ലെന്നാണ് നാട്ടുവര്‍ത്തമാനം. മാത്രമല്ല, തിരക്കേറിയതും പൊതുവേ വീതി കുറഞ്ഞതുമായ റോഡുകളുള്ള നെയ്യാറ്റിന്‍കര ആലുംമൂട് ജംഗ്ഷനു സമീപത്താണ് എല്ലാ വേദികളും. സ്വാഭാവികമായി ഈ ജംഗ്ഷനിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതോടെ കാല്‍നട യാത്ര കൂടുതല്‍ ദുഷ്കരമാകും.
നെയ്യാറ്റിന്‍കര നഗരപരിസരം അപരിചിതമായവരാണ് നാളെ മുതല്‍ അഞ്ചു ദിനങ്ങളിലായി അരങ്ങേറുന്ന കലോത്സവത്തിലെത്തുന്ന നല്ലൊരു ശതമാനം മത്സരാര്ഥികളും. വഴിയോര കച്ചവടം ഉള്‍പ്പെടെയുള്ള സാഹചര്യങ്ങളെല്ലാം കണക്കിലെടുത്ത് പോലീസുമായി ഇതു സംബന്ധിച്ച ചര്‍ച്ച നടത്തുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്യുമെന്ന് നഗരസഭ ചെയര്മാന് അറിയിച്ചു.
കലോത്സവവുമായി ബന്ധപ്പെട്ട് വ്യാപകമായ പിരിവ് ഇക്കുറിയും ആവര്‍ത്തിക്കുന്നുണ്ടെന്ന ആക്ഷേപവും ഉയരുന്നു. ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഒന്നും രണ്ടും വേദികള്‍ അടുത്തടുത്താണെന്നത് അവിടുത്തെ മത്സരങ്ങളെ ബാധിക്കുമോ എന്നൊരു ആശങ്കയും ചില വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കുവച്ചു.
ആദ്യ ദിനത്തില്‍ ഒന്നാമത്തെ വേദിയില്‍ തിരുവാതിരയും രണ്ടാമത്തെ വേദിയില്‍ വഞ്ചിപ്പാട്ടുമാണ് നടക്കുന്നത്. ശബ്ദ സംവിധാനങ്ങളുടെ ക്രമീകരണത്തില്‍ ഇത്തരത്തില്‍ പാളിച്ച സംഭവിച്ചാല്‍ മത്സരങ്ങളുടെ നിറം മങ്ങിപ്പോയേക്കാം.