തിരുവല്ലം ജംഗ്ഷനില്‍ ഗതാഗതകരുക്ക്: വലഞ്ഞ് യാത്രികർ
1481741
Sunday, November 24, 2024 7:10 AM IST
തിരുവല്ലം: ശനിയാഴ്ച വൈകുന്നേരം ആറുമണി മുതല്‍ ദേശീയപാതയില്‍ തിരുവല്ലം ജംഗ്ഷന് മുതല്‍ കുമരിചന്ത വരെ ശക്തമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇതോടെ തിരുവല്ലം പാലത്തിലെ ഗതാഗതക്കുരുക്കില്‍ വാഹന യാത്രികര്‍ മണിക്കൂറോളം കുടുങ്ങി. തിരുവല്ലം പോലീസും പൂന്തുറ പോലീസും സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചതോടെയാണ് ഗതാഗതക്കുരുക്കിന് നേരിയ ശമനമുണ്ടായത്.
തിരുവല്ലം ജംഗ്ഷനിലെ അശാസ്ത്രീയമായ റോഡ് നിര്‍മാണവും ട്രാഫിക് സംവിധാനവുമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാന്‍ കാരണമെന്നു സമീപവാസികള്‍ പറയുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബൈപാസില്‍ തിരുവല്ലം ഭാഗത്തു മാത്രം ആറോളം അപകട മരണങ്ങളാണ് സംഭവിച്ചിട്ടുള്ളത്.
ചെറുതും വലുതുമായ അപകടങ്ങള്‍ മുന്നൂറിലേറെ. ഇന്നലെ പുലര്‍ച്ചെ 2.15 ഓടെ തിരുവല്ലം പാലത്തില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് തൃശൂര്‍ സ്വദേശിയായ ദില്ശാന്ത് (27) മരണപ്പെട്ടതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. കഴക്കൂട്ടം -കോവളം ബൈപാസ് റോഡും തിരുവല്ലം-കോവളം ദേശീയപാതയും ഒരുമിക്കുന്നിടത്താണ് അപകടങ്ങളിലേറെയും സംഭവിക്കുന്നത്.
കഴക്കൂട്ടം ഭാഗത്തുനിന്നും ബൈപാസ് വഴി കാരോട്-ചെങ്കല്‍ ബൈപാസ് വഴി തമിഴ്നാട്ടിലേയ്ക്കുളള റോഡ് സജ്ജമായതോടെ കഴക്കൂട്ടം-കോവളം ബൈപാസില്‍ തിരക്ക് പതിന്മടങ്ങ് വര്‍ധിച്ചതാണ് അപകടങ്ങള്‍ ഏറാന്‍ കാരണമായത്. തിരുവല്ലത്തെ ട്രാഫിക്ക് സംവിധാനം അടിയന്തരമായി സജ്ജമാക്കണമെന്നു നാട്ടുകാര്‍ മുറവിളികൂട്ടാന് തുടങ്ങിയിട്ട് കാലങ്ങള്‍ ഏറെയായി.
ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുളള അനാസ്ഥയാണ് കഴക്കൂട്ടം-കോവളം ബൈപാസില്‍ അപകടങ്ങളും മരണങ്ങളും സംഭവിക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.