റെയില്‍പ്പാത ഇരട്ടിപ്പിക്കൽ: സ്ഥലമെടുപ്പ് പൂര്‍ത്തിയായി
1481442
Saturday, November 23, 2024 7:10 AM IST
പാറശാല: തിരുവനന്തപുരം-കന്യാകുമാരി റെയില്‍പ്പാത ഇരട്ടിപ്പിക്കലിനായി പാറശാല വരെയുള്ള സ്ഥലമെടുപ്പ് പൂര്‍ത്തിയായി. നിലവിലെ റെയില്‍പ്പാതയ്ക്കു സമാന്തരമായി പുതിയ പാത നിര്‍മിക്കാനാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
പാറശാല പാലം വരെയാണ് സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായത്. പാതയിലെ പഴയ മേല്‍പ്പാലങ്ങള്‍ പുതുക്കിപ്പണിയുന്നതിനുള്ള അപ്രോച്ച് റോഡിനായുള്ള സ്ഥലമേറ്റെടുക്കലും പൂര്‍ത്തിയായിട്ടുണ്ട്. ഇരുമ്പില്‍ പാലംവരെയുള്ള നെയ്യാറ്റിന്‍കര റീച്ചിന്റെയും പാറശാല പാലംവരെയുള്ള പാറശാല റീച്ചിന്റെയും ഇടയിലുള്ള മേൽപ്പാലങ്ങളാണ് പുതുക്കിപ്പണിയുക.
രണ്ടുവര്‍ഷം മുന്‍പാണു സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചത്. നെയ്യാറ്റിന്‍കര താലൂക്കിലെ 16 ഹെക്ടറോളം ഭൂമിയാണു പാത ഇരട്ടിപ്പിക്കലിനു വേണ്ടി ഏറ്റെടുത്തത്. നഷ്ടപരിഹാരം നല്കി ഏറ്റെടുത്ത സ്ഥലത്തു പുതിയ ട്രാക്ക് നിര്‍മിക്കുന്നതിനായി മണ്ണിട്ടു നികത്തുന്ന പണികള്‍ പൂര്‍ത്തിയായിവരുകയാണ്. അടുത്ത വര്‍ഷത്തോടെ തിരുവനന്തപുരം കന്യാകുമാരി പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ.
പാറശാല മണ്ഡലത്തിലെ കണ്ണന്‍കുഴിയിലും പരശുവയ്ക്കലിലും മേല്‍പ്പാലങ്ങള്‍ പൊളിച്ചുനീക്കി പുതിയവ നിര്‍മിക്കും. ഇതിനായി അപ്രോച്ച് റോഡിനായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കുന്ന ജോലികളും പൂര്‍ത്തിയായി.
മുതുവല്ലൂര്‍ക്കോണം, നെയ്യാറ്റിന്‍കര ആശുപത്രി കവല, പരശുവയ്ക്കല്‍, ഇടിച്ചക്കപ്ലാമൂട്, പാറശാല എന്നിവിടങ്ങളിലെ പാലങ്ങളാണ് പൊളിച്ചു പുതി യവ നിർമിക്കുന്നത്.