ഓട ശുചീകരണം പകുതിയാക്കി ജീവനക്കാര്‍ സ്ഥലംവിട്ടു
1481742
Sunday, November 24, 2024 7:10 AM IST
പേരൂര്‍ക്കട: അടഞ്ഞുകിടന്ന ഓടയുടെ പണി പകുതിവഴിയിലാക്കി ജീവനക്കാര്‍ സ്ഥലം വിട്ടു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുക്കോല ജംഗ്ഷനു സമീപം ഓട വൃത്തിഹീനം.
ഒരാഴ്ചമുമ്പാണ് ഓടയുടെ പണി ആരംഭിച്ചത്. റോഡ് ചരിഞ്ഞു കിടക്കുന്നതിനാല്‍ ഓടയുടെയും ചരിവുമൂലം മഴവെള്ളവും മറ്റും ഒലിച്ചുവന്ന് ഇതുവഴിയാണ് കടന്നുപോകുന്നത്. എന്നാല്‍ ഓടയുടെ അടവുകാരണം മണ്ണുവന്നു തങ്ങിനിന്നു വെള്ളം പോകാന്‍ മാര്‍ഗമില്ലാതായി. പാഴ്ച്ചെടികള് വളര്‍ന്നതും ഇതിനു കാരണമായി.
ഇതോടെയാണു നഗരസഭാ പരിധിയിലുള്ള പ്രദേശം ജീവനക്കാരെത്തി ശുചീകരിച്ചത്. പാഴ്ച്ചെടികള് വെട്ടി റോഡിന്റെ വശത്തുവച്ചു. ഓടയിലെ മണ്ണു പേരിനുമാത്രം മാറ്റി. പക്ഷേ യാതൊരു പ്രയോജനവുമില്ലാത്ത ഇരട്ടിപ്പണിയായി ഇതുമാറി. ഒരുദിവസം കഴിഞ്ഞതോടെ വാഹനങ്ങള്‍ കടന്നുപോയതുമൂലം പാഴ്ച്ചെടികള് റോഡിലേക്കു ചിന്നിച്ചിതറി.
ഓടയിലെ വെള്ളം ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്. ഒരടിയോളം ആഴത്തിലുള്ള മണ്ണു നീക്കിയാല്‍ മാത്രമേ വെള്ളം സുഗമമായി ഒഴുകുകയുള്ളൂ. പണി ആരംഭിച്ചതോടെ ഓടയുടെ സമീപം ചളിക്കളമായി മാറിയിട്ടുണ്ട്. ശുചീകരണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ വര്‍ഷങ്ങളായുള്ള പ്രശ്നത്തിനു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ.