മാനസികാസ്വാസ്ഥ്യമുളള ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ജീവപര്യന്തം കഠിനതടവും പിഴയും
1481719
Sunday, November 24, 2024 6:57 AM IST
തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുളള ഭാര്യയെ ക്രൂരമായി മർദിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിൽ അങ്കമാലി അയ്യാന്പുഴ സ്വദേശിയും വട്ടപ്പാറ കണക്കോട് സോപാനത്തിൽ താമസക്കാരനുമായ എൽദോ തോമസിനെ കോടതി ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചു.
രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി ജി. രാജേഷാണ് പ്രതിയെ ശിക്ഷിച്ചത്. ഭാര്യ ഷേർളി ജോണിനെയാണ് പ്രതി സ്വന്തം ചെരുപ്പ് കൊണ്ടു മർദിച്ച ശേഷം കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയത്.
ഇവർക്കു മൂന്നും നാലും വയസുളള രണ്ടു പെണ്മക്കളുണ്ട്. മാനസികാസ്വാസ്ഥ്യമുള്ള ഷേർളി അയൽ വീടുകളിൽ ചെന്നു ബഹളമുണ്ടാക്കുന്നതും ശരിയായി വസ്ത്രം ധരിക്കാതെ റോഡിൽ ഇറങ്ങുന്നതും പ്രതിയെ പ്രകോപിപ്പിച്ചിരുന്നു.
ഇതിനു പുറമെ വാടക വീട്ടിലെ ഉപകരണങ്ങൾ ഷേർളി അടിച്ചു തകർത്തതിനെ തുടർന്നു വീട് മാറാൻ വീട്ടുടമസ്ഥൻ നിർദേശിച്ചതും പ്രതിയെ ദേഷ്യം പിടിപ്പിച്ചു. അയൽവീട്ടിൽനിന്നു ഷേർളിയെ റോഡിലൂടെ വലിച്ചിഴച്ചു വീട്ടിൽ എത്തിച്ചാണ് പ്രതി കൊലപ്പെടുത്തിയത്. 2012 ജൂണ്‍ 29 നു രാത്രിയായിരുന്നു സംഭവം.