അനധികൃത ഉപയോഗം: ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു
1481445
Saturday, November 23, 2024 7:10 AM IST
നെടുമങ്ങാട്: ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറുകൾ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യാപാരസ്ഥാപനങ്ങളിൽ അനധികൃതമായി ഉപയോഗിക്കുന്നു എന്ന വ്യാപക പരാതികളുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന സർക്കാർ നിർദേശപ്രകാരം നെടുമങ്ങാട് താലൂക്ക് സപ്ലൈ ഓഫീസർ കെ.വി. സിന്ധുവിന്റെ നേതൃത്വത്തിലുള്ള സിവിൽ സപ്ലൈസ് ടീം വിതുര പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിൽ മിന്നൽ പരിശോധന നടത്തി.
മൂന്നു ഹോട്ടലുകൾ, ഒരു ബേക്കറി എന്നിവിടങ്ങളിൽ നിന്നായി അനധികൃതമായി വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുകയായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പിടിച്ചെടുത്തു. കൂടാതെ, പത്തു വ്യാപാരസ്ഥാപനങ്ങളിലായി നടത്തിയ പരിശോധനയിൽ ആറു സ്ഥാപനങ്ങളിൽ മറ്റു ക്രമക്കേടുകളും കണ്ടെത്തി.
പിടിച്ചെടുത്ത സിലിണ്ടറുകൾ സമീപത്തെ പൊന്മുടി ഗ്യാസ് ഏജൻസിയിൽ സൂക്ഷിക്കാൻ ഏൽപ്പിച്ചതായും പരിശോധന വിവരങ്ങൾ തുടർനടപടികൾക്കായി ജില്ലാ കളക്ടർക്ക് റിപ്പോർട്ട് ചെയ്യുമെന്നും വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.
പരിശോധനയിൽ റേഷൻ ഇൻസ്പെക്ടർമാരായ ഡി. സിജി, ആർ.എസ്. സിമി, എം.എസ്. റജുല, കെ.എസ്. ബിന്ദു മോൾ, രമ്യ ആർ. നായർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.