വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണി: മൂന്നരലക്ഷം രൂപ തട്ടിയതായി പരാതി
1481715
Sunday, November 24, 2024 6:57 AM IST
കാട്ടാക്കട: വെർച്വൽ അറസ്റ്റിലാണെന്നു ഭീഷണിപ്പെടുത്തി മൂന്നര ലക്ഷം തട്ടിയതായി പരാതി. വിളവൂർക്കൽ പെരുകാവ് തൈവിള ക്രിസ്റ്റീസിൽ വീട്ടിൽ പി.പി. മേരിയെ (74)യാണ് കബളിപ്പിച്ചത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ മുംബൈ ക്രൈംബ്രാഞ്ചിലെ പോലീസ് ഉദ്യോഗസ്ഥനാണെന്നും റിസർവ് ബാങ്കിലെ ഫിനാൻഷ്യൽ ഇൻസ്പെക്ടറെന്നും പരിചയപ്പെടുത്തിയ രണ്ടുപോണു ഫോൺ വിളിച്ചതെന്നു മേരി നൽകിയ പരാതിയിൽ പറയുന്നു.
ഇവരുടെ ആധാറും സിംകാർഡും ഉപയോഗിച്ച് മുംബൈയിൽ കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തിയിട്ടുള്ളതിനാൽ മുംബൈ പോലീസ് മേരിയെ വെർച്വൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചായി രുന്നു തട്ടിപ്പ്.
തുടർന്ന് വീഡിയോ കോൾ വിളിച്ച് ഇംഗ്ലീഷിൽ സംസാരിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തു. വിദേശത്തുള്ള മക്കളെയും കേസിൽ ഉൾപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതോടെ മേരി പണം ബാങ്കു മുഖേന അയച്ചു.
സംശയം തോന്നി അവർ വിളിച്ച ഫോണിലേക്കു തിരിച്ചു വിളിക്കാൻ ശ്രമിച്ചെങ്കിലും കിട്ടാതെ വന്നപ്പോഴാണ് പറ്റിക്കപ്പെട്ടെന്നു ബോദ്ധ്യമായത്. തുടർന്നു മലയിൻകീഴ് പോലീസിൽ പരാതി നൽകി.