മിന്നിത്തിളങ്ങാനുറച്ച് പ്രതിഭകള്‍
1482014
Monday, November 25, 2024 6:56 AM IST
ഗിരീഷ് പരുത്തിമഠം
നെയ്യാറ്റിന്‍കര : കലയുടെ പൊന്‍തിങ്കള്‍ക്കല പൊട്ടു തൊടാനുറച്ച്, അരയും തലയും മുറുക്കി തലസ്ഥാന ജില്ലയിലെ ഏഴായിരത്തിലധികം കലാപ്രതിഭകള്‍ ഇന്ന് മുതല്‍ നെയ്യാറ്റിന്‍കരയില്‍ ഹൃദയവസന്തം തീര്‍ക്കാനെത്തുന്നു. ഭാവനയും അക്ഷരക്കരുത്തും ഭാഷാനൈപുണ്യവും ചിത്രാഭിരുചിയുമൊക്കെ ഇഴ ചേര്‍ന്ന സര്‍ഗ്ഗശേഷിയുടെ രചനാമുറികള് ഇന്ന് രാവിലെ സജീവമാകും.
മാനത്തേയ്ക്ക് ഉയര്‍ന്ന് പാറുന്ന പതാകയെയും മികവാര്‍ന്ന അവതരണങ്ങളുടെ സ്വപ്നലോകം വിരിയിക്കാനാഗതരാകുന്ന ഇളംതലമുറയിലെ പ്രതിഭകളെയും സാക്ഷിനിറുത്തി പഞ്ചദിന കലോത്സവത്തിന് ഭദ്രദീപം തെളിയുന്പോള് എണ്ണമറ്റ പൂര്‍വസൂരികളുടെ ജന്മ- കര്‍മ സുകൃതത്താല് ധന്യമായ നെയ്യാറിന് തീരത്തിന് അഭിമാനസ്പര്ശമാര്ന്ന ചാരിതാര്‍ഥ്യം.
പന്ത്രണ്ട് സബ് ജില്ലകളിലെ 346 സ്കൂളുകളില്‍ നിന്നുള്ള ഏഴായിരത്തിയഞ്ഞൂറിലധികം മത്സരാര്‍ഥികള്‍ 249 ഇനങ്ങളിലായി മാറ്റുരയ്ക്കുന്ന തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം 3.30 ന് മന്ത്രി ജി.ആര് അനില്‍ നിര്‍വഹിക്കും.
നെയ്യാറ്റിന്‍കര ഗവ. എച്ച്എസ്എസിലെ ഒന്നാമത്തെ വേദിയില്‍ നടക്കുന്ന യോഗത്തില്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥി കൂടിയായ കെ. ആന്‍സലന്‍ എംഎല്‍എ അധ്യക്ഷനാകും. ഡോ. ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തും.
എംഎല്‍എമാരായ സി.കെ ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, വി. ശശി, വി.കെ. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈലജാ ബീഗം, നഗരസഭ ചെയര്മാന് പി.കെ രാജമോഹനന്, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ വി.ആര് സലൂജ, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ കെ.കെ ഷിബു, ജെ. ജോസ് ഫ്രാങ്ക്ളിന്, ഡോ. എം.എ സാദത്ത്,
കൗണ്‍സിലര്‍മാരായ ഷിബുരാജ് കൃഷ്ണ, മഞ്ചന്തല സുരേഷ്, ഗ്രാമം പ്രവീണ്‍, ആര്‍ഡിഡി കെ. സുധ, ഗവ. എച്ച്എസ്എസ് പ്രിന്‍സിപ്പൽ പി.ആര്. ദീപ്തി, ഗവ. ഗേള്‍സ് എച്ച്എസ്എസ് പ്രിന്‍സിപ്പൽ ജി. ദീപ, ഗവ. എച്ച്എസ്എസ് ഹെഡ്മാസ്റ്റര് ജി. ജ്യോതിഷ്, ഗവ. ഗേള്‍സ് എച്ച്എസ്എസ് ഹെഡ്മിസ്ട്രസ് ആനി ഹെലന്, സ്വീകരണ കമ്മിറ്റി കണ്‍വീനര്‍ സലിംരാജ് എന്നിവര്‍ പങ്കെടുക്കും.
ഉദ്ഘാടന സമ്മേളനത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സ്വീകരണ കമ്മിറ്റി ചെയര്മാന് ഗ്രാമം പ്രവീണ്‍ അറിയിച്ചു. രാവിലെ ഒന്‍പതിന് രജിസ്ട്രേഷന്. പത്തിന് രചനാ മത്സരങ്ങള്‍. ചിത്രരചന, കാര്‍ട്ടൂണ്‍, കൊളാഷ് മുതലായവയും സംസ്കൃതം, അറബിക് മത്സരങ്ങളുമാണ് ആദ്യം നടക്കുന്നത്.
11 ന് നഗരസഭ സ്റ്റേഡിയത്തില്‍ ബാന്‍ഡ് മേള മത്സരം. വൈകുന്നേരം മൂന്നിന് തിരുവനന്തപുരം ഡിഡിഇ സുബിന് പോള്‍ പതാകയുയര്‍ത്തും. തുടര്‍ന്ന് ദൃശ്യവിസ്മയം. ഗവ. എച്ച്എസ്എസിലെ ഒന്നാമത്തെ വേദിയില്‍ ഉദ്ഘാടന സമ്മേളന ശേഷം യുപി വിഭാഗം തിരുവാതിരയും രണ്ടാമത്തെ വേദിയില്‍ എച്ച്എസ് വിഭാഗം വഞ്ചിപ്പാട്ടുമാണ് ആദ്യം അരങ്ങേറുക.
ഗവ. ഗേള്‍സ് എച്ച്എസ്എസിലെ രണ്ടു വേദികളിലായി കഥകളിയും ചാക്യാര്‍ക്കൂത്തും നങ്ങ്യാര്‍ക്കൂത്തും ഗവ. ജെബിഎസില്‍ ചെണ്ടമേളം, തായന്പക, പഞ്ചവാദ്യം എന്നിവയും നടക്കും. സംസ്കൃതോത്സവത്തിലെ അക്ഷരശ്ലോകം, അഷ്ടപദി എന്നിവയ്ക്ക് സെന്റ് ഫിലിപ് സ്കൂളും സംസ്കൃത പ്രസംഗം, കൂടിയാട്ടം എന്നിവയ്ക്ക് സ്വദേശാഭിമാനി ടൗണ്‍ ഹാളും വേദിയാകും.
അറബിക് കലോത്സവത്തിലെ കഥ പറയല്‍, അറബി ഗാനം, സംഭാഷണം എന്നിവ സ്കൗട്ട് ഹാളിലും ഉറുദു ഗസല്‍ ആലാപന മത്സരം ഗവ. ടൗണ്‍ എല്‍പി സ്കൂളിലും പദ്യം ചൊല്ലല്‍, പ്രസംഗം എന്നിവ സെന്റ് തെരേസാസ് സ്കൂളിലും നടക്കും.
എയ്ഡഡ് സ്കൂള്‍ ടീച്ചേഴ്സ് സൊസൈറ്റി ഹാളില്‍ അക്ഷരശ്ലോകവും കാവ്യകേളിയും അരങ്ങേറുന്പോള്‍ വിദ്യാധിരാജ സ്കൂളില്‍ ചെണ്ട, തായന്പക, പഞ്ചവാദ്യം എന്നീയിനങ്ങളിലും നഗരസഭ അനക്സ് ഹാളില്‍ ഹിന്ദി പ്രസംഗം, പദ്യം ചൊല്ലല്‍ എന്നീയിനങ്ങളിലും മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും.
ഊട്ടുപുരയിലെ അടുപ്പില്‍ അഗ്നി തെളിഞ്ഞു
നെയ്യാറ്റിന്‍കര : റവന്യൂ ജില്ലാ കലോത്സവത്തിനുള്ള ഭക്ഷണം തയാറാക്കുന്ന ഊട്ടുപുരയുടെ പ്രവര്‍ത്തനം ആരംഭിച്ചു. നഗരസഭ ചെയർമാൻ പി.കെ രാജമോഹനൻ ഊട്ടുപുരയിലെ അടുപ്പില്‍ അഗ്നിപകർന്ന് തുടക്കം കുറിച്ചു.
നഗരസഭ പ്രതിപക്ഷ നേതാവ് ജെ. ജോസ് ഫ്രാങ്ക്ളിന്, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡോ.എം.എ. സാദത്ത്, ഫുഡ് കമ്മറ്റി കൺവീനർ സി.ആർ ആത്മകുമാർ, സംസ്ഥാന അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ.രാജ്മോഹൻ, ജില്ലാ പ്രസിഡന്റ് എ. ആർ. ഷമീം, സംസ്ഥാന എക്സിക്യൂട്ടീവ് നെയ്യാറ്റിൻകര പ്രിൻസ്, അംബിലാൽ, അവിനാഷ് എസ് അശോക്, അലോഷ്യസ്, വിജിൽ പ്രസാദ് എന്നിവർ പങ്കെടുത്തു.
സഹപാഠിക്കൊരു ഭവനം യാഥാര്‍ഥ്യമാക്കാന്‍ എന്‍എസ്എസ് യൂണിറ്റിന്റെ തട്ടുകട
നെയ്യാറ്റിന്‍കര : റവന്യൂ ജില്ലാ കലോത്സവത്തിന്റെ ആതിഥേയ വിദ്യാലയമായ നെയ്യാറ്റിന്‍കര ഗവ. എച്ച്എസ്എസിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് വൈവിധ്യങ്ങളുടെ മെഗാ പവലിയനാണ് ഒരുക്കുന്നത്.
എന്റെ സഹപാഠിക്കൊരു ഭവനം എന്ന പദ്ധതി സാക്ഷാത്കരിക്കുകയാണ് തട്ടുകടയും ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് സ്റ്റാളുകളുമൊക്കെ അടങ്ങിയ പവലിയന് സജ്ജമാക്കുന്നത്.
വിദ്യാര്‍ഥികളില്‍ സാമൂഹ്യ പ്രതിബദ്ധതയുടെ നല്ല ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്നതും ഈ സദുദ്യമത്തിലൂടെ ഉദ്ദേശിക്കുന്നുവെന്ന് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ശുഭശ്രീ ദീപികയോട് പറഞ്ഞു.
ജാഗ്രതയോടെ എക്സൈസും
നെയ്യാറ്റിന്‍കര : നൂറു കണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരുമെല്ലാം ഭാഗമാകുന്ന തിരുവനന്തപുരം റവന്യു ജില്ലാ കലോത്സവത്തില്‍ ലഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രതിരോധിക്കുന്നതിനായി ജാഗ്രതയോടെ എക്സൈസ് സംഘം രംഗത്തുണ്ടാകും.
ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്നാണ് വിദ്യാര്‍ഥികളും മറ്റും വരുന്നത്. കലോത്സവ വേദികളിലും പരിസരങ്ങളിലും ഏതെങ്കിലും വിധത്തിലുള്ള മയക്കുമരുന്നിന്റെയും മറ്റ് ലഹരി പദാര്‍ഥങ്ങളുടെയും ഉപയോഗം, വിപണനം മുതലായവ കൃത്യമായി തടയാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് എക്സൈസ് സര്‍ക്കിള്‍ ഓഫീസ് അധികൃതര്‍ അറിയിച്ചു.
സര്‍ക്കിളിന്റെ നിയന്ത്രണത്തിലുള്ള എക്സൈസ് റേഞ്ചുകളുടെ സംയുക്ത പരിശോധനയും മിന്നല്‍ റെയ്ഡുകളും നടക്കും.
കൂടുതല്‍ മത്സരാര്‍ഥികള്‍ കിളിമാനൂര്‍ സബ് ജില്ലയില്‍ നിന്ന്
നെയ്യാറ്റിന്‍കര : റവന്യൂ ജില്ലാ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികള്‍ എത്തുന്നത് കിളിമാനൂര്‍ സബ് ജില്ലയില്‍ നിന്നാണ്- 692 പേര്. തൊട്ടുപിറകിലുള്ള കാട്ടാക്കട സബ് ജില്ലയില്‍ നിന്നും 687 മത്സരാര്‍ഥികള്‍ എത്തുന്നു.
ആറ്റിങ്ങലില്‍ നിന്നും 673 പേരും തിരുവനന്തപുരം നോര്‍ത്തില്‍ നിന്നും 667 പേരും സൗത്തില്‍ നിന്ന് 657 പേരും കലോത്സവത്തില്‍ മത്സരാര്‍ഥികളാണ്. പാലോട്- 624, പാറശാല -622, വര്‍ക്കല --615, നെയ്യാറ്റിന്‍കര - 601, കണിയാപുരം- 553, ബാലരാമപുരം- 546, നെടുമങ്ങാട് -533 എന്നിങ്ങനെയാണ് മറ്റു സബ് ജില്ലകളിലെ മത്സരാര്‍ഥികളുടെ സംഖ്യ.
കലോത്സവത്തിലെ ആദ്യദിനമായ ഇന്ന് 2065 മത്സരാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും