മാലിന്യം പേറുന്ന ഓട; കാഞ്ഞിരംപാറ മേഖല പകർച്ചവ്യാധി ഭീഷണിയിൽ
1481738
Sunday, November 24, 2024 7:10 AM IST
പേരൂർക്കട: തീർത്തും മാലിന്യം വഹിക്കുന്ന ജലം ഒഴുകുന്ന ഓട പകർച്ചവ്യാധി ഭീഷണി സൃഷ്ടിക്കുന്നു. കാഞ്ഞിരംപാറ വാർഡിലൂടെ ഒഴുകുന്ന ഭൂരിഭാഗം ഓടകളുടെയും അവസ്ഥയും ഇതാണ്. ചില ഓടകൾ കാടുമൂടി കിടക്കുമ്പോൾ മറ്റുചിലതു കറുത്ത ജലം ഒഴുകുന്ന രീതിയിൽ ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്.
ചിലയിടത്തെ ഓടകളിൽ ഒഴുക്കുനിലച്ചു മലിന ജലം കെട്ടിക്കിടക്കുന്നതിനാൽ കൊതുകിന്റേയും ഈച്ചയുടേയും ശല്യവുമുണ്ട്. ഓടകളിലൂടെ മലിനജലം ഒഴുക്കിവിടുന്നതിനെ തിരെ തിരുവനന്തപുരം നഗരസഭ സ്ഥലവാസികൾക്ക് നോട്ടീസ് നൽകാറുണ്ടെങ്കിലും അതൊന്നും ആരും ചെവിക്കൊള്ളാറില്ല.
ആഹാരാവശിഷ്ടങ്ങളും മലിനജലവും ഓടയിലേക്ക് തള്ളുന്നതും രാസലായനികൾ കലർത്തുന്നതുമാണ് നിലവിൽ വെള്ളത്തിനു കറുത്തനിറമുണ്ടാകുന്നതിനു കാരണമാകുന്നത്. ശുചീകരണ പ്രവൃത്തികൾ യഥാസമയം നടത്താത്തതിനാൽ കാലക്രമേണ കല്ലും മണ്ണും നിറയുന്നതും പതിവാണ്.
കാഞ്ഞിരംപാറ വാർഡിലെ വികെപി നഗർ കോളനി, തൊഴുവൻകോട് തുടങ്ങിയ ഭാഗങ്ങളിലെ ഓടകളിൽ മിക്കവയുടെയും അവസ്ഥ ഇതാണ്. ശുചീകരണ പ്രവൃത്തികൾക്കൊപ്പം ഓടകൾ ശുചീകരിക്കുന്നതിനൊപ്പം ബോധവകത്കരണ പ്രവർത്തനങ്ങൾ കൂടി നടത്തിയാലേ പകർച്ചവ്യാധി ഭീഷണി ഒഴിവാക്കാൻ സാധിക്കൂ.