ഡോക്ടർ ആശുപത്രിയിൽ മരിച്ച നിലയിൽ
1481495
Saturday, November 23, 2024 10:38 PM IST
പൂവാർ : സ്വകാര്യ ആശുപത്രി ഡോക്ടറെ മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. തമിഴ്നാട് സേലംബുബൻഗിരി അലിസിക്കുടി വണ്ടുരായൻ പേട്ടയിൽ മണിവർണ്ണൻ (63) ആണ് മരിച്ചത്.
പൂവാറിൽ ഗായത്രി എന്ന സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ 18 വർഷമായി ജനറൽ പ്രാക്ടീഷനായി സേവനമനുഷ്ടിച്ച് വരുകയായിരുന്നു. കുടുംബവുമായി അകന്ന് കഴിയുന്ന ഇയാൾ ആശുപത്രിയിൽതന്നെയായിരുന്നു താമസം. ഇന്നലെ രാവിലെ ഭക്ഷണവുമായി പോയ ജീവനക്കാർ കതകിൽ തട്ടിവിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല.
കതക് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പൂവാർ പോലീസ് എത്തി കതക് തുറന്ന് അകത്ത് കയറുകയായിരുന്നു. മൃതദേഹം കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. രണ്ട് വർഷം മുൻപ് ഹൃദയാഘാതം വന്ന ശേഷം ചികിത്സയിലായിരുന്നതായി ആശുപത്രി അധികൃതർ മൊഴി നൽകി.
പൂവാർ പോലീസ് ഇൻക്വിസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. നാട്ടിൽ നിന്ന് ബന്ധുക്കൾ എത്തുന്ന മുറക്ക് ഇന്ന് മേൽ നടപടികൾ എടുക്കുമെന്ന് പോലീസ് അറിയിച്ചു.