അറ്റകുറ്റപ്പണികളിൽ അനാസ്ഥ: സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ പ്രതിഷേധിച്ചു
1481439
Saturday, November 23, 2024 6:57 AM IST
തിരുവനന്തപുരം: രണ്ടു മാസത്തിനകം സെക്രട്ടേറിയറ്റിലെ കെട്ടിടങ്ങളിൽ രണ്ട് അപകടങ്ങൾ നടന്നിട്ടും അറ്റകുറ്റപ്പണികളുടെ കാര്യത്തിൽ അധികൃതർ തുടരുന്ന കടുത്ത അനാസ്ഥയിൽ പ്രതിഷേധിച്ച് സെക്രട്ടേറിയറ്റ് അനക്സിന് മുന്നിൽ കേരള സെക്രട്ടേറിയറ്റ് എം പ്ലോയീസ് അസോസിയേഷൻ പ്രകടനം നടത്തി.
പ്രസിഡന്റ് എം.എസ്. ഇർഷാദ് ഉദ്ഘാടനം ചെയ് തു. അപകട ഭയംകൂടാതെ ജോലി ചെയ്യാൻ കഴിയുന്ന ഭൗതിക സാഹചര്യം സെക്രട്ടേറിയറ്റിൽ ഉണ്ടാകുകയെന്നത് ഏതൊരു ജീവനക്കാരന്റെയും അടിസ്ഥാന അവകാശമാണെന്ന് അദ്ദേഹം പറഞ്ഞു. ആഡംബര പൂർണമായ സൗകര്യങ്ങളല്ല ജീവനക്കാർ ആവശ്യപ്പെടുന്നത്.
മിനിമം സൗകര്യങ്ങളും വൃത്തിയുമുള്ള ശുചിമുറികളും പൊടിപടലമില്ലാത്ത ഓഫീസും ആരോഗ്യ പൂർണമായ ചുറ്റുപാടുകളുമാണ്. എന്നാൽ അത് ഉറപ്പു വരുത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടു. ആഡംബരവും ധൂർത്തും മുഖമുദ്രയായ നവകേരളത്തിന്റെ ജീർണതയുടെ പ്രതീകമാണ് സെക്രട്ടേറിയറ്റിലെ പൊട്ടിപ്പൊളിഞ്ഞ ശുചി മുറികൾ.
അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സമയബന്ധിതമായി കർമപദ്ധതി നടപ്പാക്കണമെന്നും പരിക്കേറ്റ ഉദ്യോഗസ്ഥക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി. പുരുഷോത്തമൻ, കെ.എം. അനിൽകുമാർ, എ.സുധീർ, ജെയിംസ് മാത്യു, ആർ. രഞ്ജിഷ് കുമാർ എന്നിവർ പ്രസംഗിച്ചു.