കെഎസ്ആർടിസിയുടെ ചരിത്രത്തിൽ ഇടംനേടി രാജി : ജില്ലയിലെ ആദ്യ വനിതാ ഡ്രൈവർ
1481717
Sunday, November 24, 2024 6:57 AM IST
കാട്ടാക്കട: കെഎസ്ആർടിസി യുടെ ചരിത്രത്തിൽ ഇടം നേടി കാട്ടക്കട സ്വദേശിനി രാജി. കാട്ടാക്കടയിൽ ടാക്സി ഡ്രൈവറായിരുന്ന രസാലത്തിന്റെ യും ശാന്തയുടെയും മകളും കാട്ടാക്കട പനയങ്കോട് തരികത്ത് വീട്ടിൽ വെൽഡിംഗ് തൊഴിലാളിയായ ബനാർജിയുടെ ഭാര്യയുമായ രാജിയാണ് കെഎസ്ആർടിസി ചരിത്രത്തിൽ പുതു ഇടം നേടുന്നത്.
സംസ്ഥാനത്തെ രണ്ടാമത്തെ വനിതാ കെഎസ്ആർടിസി ഡ്രൈവറും തിരുവനന്തപുരം ജില്ലയിലെയും കാട്ടാക്കട ഡിപ്പോയിലെയും ആദ്യ വനിതാ കെഎസ്ആർടിസി ഡ്രൈവറുമായി മാറിയിരിക്കുകയാണ് രാജി.
അച്ഛൻ ഡ്രൈവർ ആയതുകൊണ്ടുതന്നെ കുട്ടിക്കാലം മുതൽ തുടങ്ങിയതാണു രാജിക്കും വാഹനങ്ങോടുള്ള ഇഷ്ടം. ഈ ഇഷ്ടം ഡ്രൈവിംഗ് സ്കൂൾ പരിശീലകയായും ഒടുവിൽ ഇപ്പോൾ കെഎസ്ആർടിസി ബസ് ഡ്രൈവറായും എത്തിനിൽക്കുന്നത്.
കാട്ടാക്കടയിൽ രാജിയെ ഡ്രൈവിംഗ് പരിശീലകയായി ചെറുവാഹനങ്ങളിൽ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണു വലിയ വാഹനത്തിൽ കാണുന്നത്, അതും കെഎസ്ആർടിസിയിൽ ആയപ്പോൾ ആളുകൾക്ക് അത്ഭുതവും ആശ്ചര്യവുമായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 1.50ന് കാട്ടാക്കടയിൽ നിന്നും കാട്ടാക്കട പ്ലാമ്പഴിഞ്ഞി റൂട്ടിൽ ആദ്യ ട്രിപ്പ് ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെടുമ്പോൾ ആർഎൻ ഇ- ഈ 959 വേണാട് ബസിലെ യാത്രക്കാർക്കും, സ്റ്റാൻഡിലെ മറ്റു ബസികളിലെ യാത്രക്കാർ ക്കും കൗതുകമായി ഡ്രൈവിംഗ് സീറ്റിലെ വനിത.
ആദ്യ യാത്രയും കെഎസ്ആർടിസി ഡ്രൈവിംദും ഒരു പ്രത്യേക അനുഭവമായി മാറിയെന്നു രാജി പറഞ്ഞു. ഉച്ചക്ക് 1.50ന് പുറപ്പെട്ട പ്ലാമ്പഴിഞ്ഞിയെ തുടർന്നു വൈകുന്നേരം മൂന്നിനു കോട്ടൂർ, കിക്ക്മ, നെയ്യാർ ഡാം, കാട്ടാക്കട, 4.40നു പാപ്പനംകോട് സർക്കുലർ, 5.30നു പന്നിയോട് സർക്കുലർ, 6.45നു കോട്ടൂർ കാട്ടാക്കട, 8.10നു കോട്ടൂർ കാട്ടാക്കട എന്നിങ്ങനെ രാത്രി പത്തോടെ ആദ്യ ഡ്യൂട്ടി അവസാനിക്കുമ്പോൾ ആദ്യ ദിനത്തിൽ 150 കിലോമീറ്ററാണു രാജി ബസ് ഓടിച്ചത്.
കെഎസ്ആർടിസി നടത്തിയ പരീക്ഷയിൽ നൂറോളം പേരിൽ നിന്നു രണ്ടാം റാങ്കോടെ പാസായ രാജി പരീഷയിലെയും ഏക വനിത ആയിരുന്നു.