സർക്കാരിന്റെ കായികപദ്ധതികൾ ശരിയായദിശയിൽ: വി.അബ്ദുറഹിമാൻ
1481446
Saturday, November 23, 2024 7:10 AM IST
നെടുമങ്ങാട്: സർക്കാർ നടപ്പാക്കുന്ന കായിക പദ്ധതികൾ ശരിയായ ദിശയിലാണെന്നാണ് ജി.വി. രാജ സ്പോർട്സ് സ്കൂളിലെ മികവ് തെളിയിക്കുന്നുവെന്നു മന്ത്രി വി.അബ്ദുറഹിമാൻ. 66-ാമത് സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ച ഗവൺമെന്റ് ജി.വി. രാജ സ്പോർട്സ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ മെഡൽ ജേതാക്കളെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എംഎൽഎ അധ്യക്ഷനായിരുന്നു. സംസ്ഥാന സ്കൂൾ കായിക മേളയിൽ ഉൾപ്പെടെ ദേശീയ-സംസ്ഥാനതലത്തിൽ വിവിധ മത്സരങ്ങളിൽ മെഡൽ ജേതാക്കളായ വിദ്യാർഥികളെയും മികച്ച പ്രകടനങ്ങൾക്ക് അവരെ പ്രാപ്തരാക്കിയ പരിശീലകരെയും മൊമെന്റോ നൽകി മന്ത്രി ആദരിച്ചു.
കായിക-യുവജനകാര്യ വകുപ്പ് ഡയറക്ടർ വിഷ്ണുരാജ്, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി, അരുവിക്കര പഞ്ചായത്ത് പ്രസിഡന്റ് ആർ. കല, മൈലം വാർഡ് മെമ്പർ സി. മറിയക്കുട്ടി, പ്രിൻസിപ്പൽ ഡോ. എം. കെ സുരേന്ദ്രൻ, പ്രധാനാധ്യാപിക ഒ.വി. രാഹുലാദേവി, ഹൈ പെർഫോമൻസ് മാനേജർ ഡോ. പി.ടി ജോസഫ് എന്നിവരും പങ്കെടുത്തു.