മികച്ച അവതരണങ്ങളും ചോദ്യങ്ങളുമായി വിദ്യാര്‍ഥികളുടെ ഹരിതസഭ
1481441
Saturday, November 23, 2024 6:57 AM IST
നഗരസഭയിലെ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും പങ്കെടുത്തില്ല
നെയ്യാറ്റിന്‍കര: ""മഴക്കാലത്ത് കോണ്‍വന്റ് റോഡിലെ ഓടയിലെ മാലിന്യം റോഡിലൊഴുകി പരക്കുന്നതിനു നഗരസഭ എന്തു പരിഹാര നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്..?'' - ചോദ്യം സെന്റ് തെരേസാസ് കോണ്‍വന്റിലെ വിദ്യാര്‍ഥിനി പല്ലവിയുടേതാണ്.
""നെയ്യാറിലെ മാലിന്യ പ്രശ്നങ്ങള്‍ തടയാന്‍ ഏതെങ്കിലും പദ്ധതി നഗരസഭ പരിഗണിക്കുന്നുണ്ടോ..? '' ""ഹരിതകര്‍മസേന വീടുകളില്‍ നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് പൊതുജനങ്ങള്‍ക്ക് പുനരുപയോഗിക്കാനുതകും മട്ടില്‍ എന്തു പദ്ധതിയാണ് നിലവിലുള്ളത് ? '',
""വിദ്യാലയങ്ങളിലും പരിസരത്തും വളര്‍ന്നിട്ടുള്ള കാടും പടര്‍പ്പും നീക്കം ചെയ്യാന്‍ നഗരസഭ നടപടി കൈക്കൊള്ളുമോ..? '' മാലിന്യമുക്തം നവകേരളം ജനകീയ കാന്പയിനിന്റെ ഭാഗമായി നെയ്യാറ്റിന്‍കര നഗരസഭയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കുട്ടികളുടെ ഹരിതസഭയില്‍ ഒന്നിനു പിറകെ ഒന്നായി ചോദ്യങ്ങള്‍ ഉയര്‍ന്നു വന്നു.
നിലവാരമുള്ള ചോദ്യങ്ങളാലും മികച്ച അവതരണങ്ങളാലും മാത്രമല്ല വിദ്യാര്‍ഥികളുടെ പങ്കാളിത്തത്താലും ഹരിതസഭ ശ്രദ്ധേയമായി. മാലിന്യ നിര്‍മാര്‍ജന സംവിധാനങ്ങളില്‍ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ഉദ്ദേശ്യത്തോടെ ഒരുക്കിയ ഹരിതസഭയില്‍ വിദ്യാര്‍ഥികളുടെ ചോദ്യങ്ങള്‍ക്ക് നഗരസഭ ചെയര്മാന് പി.കെ. രാജമോഹനന് മറുപടി നല്കി.
പുതുതലമുറയിലെ പ്രതിനിധികള്‍ ഉള്‍പ്പെടെ പൊതുജനങ്ങളുടെ സഹകരണത്തോടെ മാത്രമേ ഏതു പ്രദേശവും പൂര്‍ണമായും മാലിന്യമുക്തമാകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മാലിന്യമുക്ത കേരളം യാഥാര്‍ഥ്യമാക്കുന്ന നഗരസഭ പ്രവര്‍ത്തനങ്ങളില്‍ പങ്ക ചേര്‍ന്ന വിദ്യാര്‍ഥികളെ അദ്ദേഹം അനുമോദിച്ചു. നഗരസഭ പരിധിയിലെ വിവിധ വിദ്യാലയങ്ങളില്‍നിന്നും ഇരുന്നൂറിലേറെ വിദ്യാര്‍ഥികള്‍ ഹരിതസഭയില്‍ സംബന്ധിച്ചു.
വിദ്യാലയങ്ങളിലെ മാലിന്യ സംസ്കരണ സംവിധാനങ്ങളുമായി ബന്ധപ്പെട്ട അവതരണങ്ങള്‍ക്കു ശേഷമായിരുന്നു വിദ്യാര്‍ഥികളും നഗരസഭയിലെ ജനപ്രതിനിധികളും തമ്മിലുള്ള ചോദ്യോത്തര പരിപാടി നടന്നത്. എന്നാല്‍ നഗരസഭ ഏറെ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും സംഘടിപ്പിച്ച ഹരിതസഭയില്‍ ഭൂരിപക്ഷം കൗണ്‍സിലര്‍മാരും പങ്കെടുത്തില്ല.
ചെയര്മാന് പി.കെ. രാജമോഹനന്, വൈസ് ചെയര്‍പേഴ്സണ്‍ പ്രിയാ സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഡോ. എം.എ. സാദത്ത്, ജെ. ജോസ് ഫ്രാങ്ക്ളിന്, കൗണ്‍സിലര്‍മാരായ ഐശ്വര്യ, അമ്മിണിക്കുട്ടി, വേണുഗോപാല്‍ എന്നിവര്‍ മാത്രമാണ് പങ്കെടുത്തത്.
മാലിന്യമുക്തം നവകേരളം എന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി പരമാവധി ഫലപ്രദമാക്കാനായി നഗരസഭ ആസൂത്രണം ചെയ്തു നടപ്പാക്കിയ ഹരിതസഭയില്‍ ഭരണ- പ്രതിപക്ഷ ഭേദമില്ലാതെ കൗണ്‍സിലര്‍മാരുടെ അസാന്നിധ്യം വളരെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ക്ലീന്‍ സിറ്റി മാനേജര്‍ സുരേഷ്, ആരോഗ്യവിഭാഗം എച്ച്ഐ അനില്‍, ശുചിത്വ മിഷന് പ്രതിനിധികള്‍ എന്നിവരും ഹരിത സഹായ സ്ഥാപനമായ അമാസ് കേരളയിലെയും നഗരസഭയിലെ ഹരിതകര്‍മ സേനയിലെയും അംഗങ്ങളും പങ്കെടുത്തു.