ശാസ്തമംഗലം-പൈപ്പിന്മൂട് റോഡിലെ ഇരുമ്പ് തൂണ് അപകടാവസ്ഥയില്‍
1481450
Saturday, November 23, 2024 7:10 AM IST
പേരൂര്‍ക്കട: ശാസ്തമംഗലം-പൈപ്പ്ലൈന് റോഡിലൂടെ സഞ്ചരിക്കുന്നവര്‍ ജാഗ്രതൈ! എപ്പോള്‍ വേണമെങ്കിലും നിലംപൊത്താവുന്ന നിലയില്‍ ഒരു ഇരുമ്പുതൂണ് ഇവിടെയുണ്ട്. താങ്ങാവുന്നതിലധികം കേബിളുകള്‍ പുറത്തുകൂടി കിടക്കുന്നതും തൂണ് ഉറപ്പിച്ചിരിക്കുന്ന ഭാഗം ദ്രവിച്ചിരിക്കുന്നതുമാണ് പ്രശ്നത്തിനു കാരണം.
തൂണിന്റെ അടിഭാഗം ഇളകിയാലും കേബിളുകളില്‍ ചുറ്റി നില്ക്കുമെന്നു കരുതിയെങ്കില്‍ തെറ്റി. തൂണ് ചരിയാന്‍ തുടങ്ങിയതോടെ സ്വകാര്യ കേബിളുകളില്‍ ചിലതു തൂണില്‍നിന്നു വേര്‍പെട്ടു പോയിട്ടുണ്ട്. ഇറക്കം ഇറങ്ങിവരുന്ന റോഡിന്റെ ഇടതുവശത്താണ് ഇരുമ്പുതൂണ് ഉള്ളത്. അടുത്തിടെയാണ് റോഡ് പൂര്‍ണമായും റീടാര്‍ ചെയ്തത്.
അതുകൊണ്ടുതന്നെ തകര്‍ന്നു കിടന്ന സമയത്തേക്കാള്‍ കൂടുതല്‍ വാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കുന്നുണ്ട്. പേരൂര്‍ക്കടയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാവുന്ന റോഡുകൂടിയാണ് ഇത്. അപകടാവസ്ഥയിലൂള്ള തൂണ് അടിയന്തരമായി നീക്കുന്നതിനുള്ള നടപടികളാണ് അധികൃതര്‍ സ്വീകരിക്കേണ്ടത്.