മലങ്കര കാത്തലിക് കൺവൻഷൻ സമാപിച്ചു
1482012
Monday, November 25, 2024 6:56 AM IST
തിരുവനന്തപുരം: തിരുവനന്തപുരം മേജർ അതിരൂപതയിലെ തിരുവനന്തപുരം വൈദിക ജില്ല സംഘടിപ്പിച്ച 32-മത് ത്രിദിന മലങ്കര കാത്തലിക് കൺവൻഷൻ സമാപിച്ചു.
പട്ടം സെന്റ് മേരീസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്നലെ വൈകിട്ട് ആറിന് ആരംഭിച്ച വചന ശുശൂഷയ്ക്കു ശേഷം മലങ്കര കത്തോലിക്കാ സഭയുടെ കൂരിയ മെത്രാൻ ആന്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പായുടെ സമാപന സന്ദേശത്തോടും ആശീർവാദത്തോടും കൂടെ ബൈബിൾ കൺവൻഷൻ സമാപിച്ചു.
22ന് മലങ്കര കത്തോലിക്കാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവായാണ് കൺവൻഷൻ ഉദ്ഘാടനം ചെയ്തത്. 22 മുതൽ 24 വരെ എല്ലാ ദിവസവും വൈകിട്ട് ആറു മുതൽ എട്ടരവരെ കറുകുറ്റി കാർമൽ റിട്രീറ്റ് സെന്റർ ഡയറക്ടർ ഫാ. ബോസ്കോ ഞാലിയത്ത് വചന ശുശ്രുഷ നിർവഹിച്ചു. തിരുവനന്തപുരം വൈദിക ജില്ലയിലെ ദൈവാലയങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികളും വൈദികരും സന്യസ്തരും സംബന്ധിച്ചു.
34 വർഷം മുമ്പ് മലങ്കര കത്തോലിക്കാ സഭയുടെ ദ്വിതീയ അധ്യക്ഷൻ കാലം ചെയ്ത ബനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തയാണ് കൺവൻഷന് തുടക്കം കുറിച്ചത്.